സെക്രട്ടറിയെ കൈയേറ്റം ചെയ്ത പഞ്ചായത്തംഗത്തി‍െൻറ അറസ്റ്റ് വൈകുന്നു

പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി റീന റാഫേലിനെ അസഭ്യം പറയുകയും ഓഫിസ് ഉപകരണങ്ങൾ തകർക്കുകയും ചെയ്ത കേസിൽ പഞ്ചായത്തംഗം ഫസൽ റഹ്മാ‍െൻറ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം.

ഒമ്പതാം വാർഡ് അംഗവും സി.പി.എം പാലാതുരുത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ഫസൽ റഹ്മാൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അക്രമം കാട്ടിയതെന്ന് പരാതിയിൽ പറയുന്നു.

സെക്രട്ടറിയുടെ പരാതിയിൽ വടക്കേക്കര പൊലീസ് പൊതുമുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

സംഭവത്തെ തുടർന്ന് ഫസൽ റഹ്മാനെ സി.പി.എമ്മിൽനിന്ന് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അറസ്റ്റ് വൈകുന്നത് സി.പി.എമ്മി‍െൻറ ഉന്നതങ്ങളിൽനിന്നുള്ള ഇടപെടൽ മൂലമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

ഫസൽ റഹ്മാൻ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും അറിയുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസി‍െൻറ അടുത്ത ബന്ധുവുമാണ് ഫസൽ റഹ്മാൻ.

സി.പി.എം ലോക്കൽ കമ്മിറ്റി മണിക്കൂറുകൾക്കകം സസ്പെൻഷൻ നടപടിയിലേക്ക് കടന്നതും എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡന്‍റ് അടക്കമുള്ളവർ വിഷയം കൈകാര്യം ചെയ്തതും പാർട്ടിയിൽ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, ഒളിവിൽ കഴിയുന്ന ഫസൽ റഹ്മാൻ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്തുവന്നു.

താൻ കൈകൊണ്ട് മേശപ്പുറത്ത് അടിക്കുകയായിരുന്നുവെന്നും കമ്പ്യൂട്ടറും കസേരയും ഫയലുകളും നശിപ്പിച്ചത് മുൻ വൈരാഗ്യംമൂലം സെക്രട്ടറി തന്നെയാണെന്നുമാണ് ഫസൽ റഹ്മാ‍െൻറ വിശദീകരണം.

സെക്രട്ടറിയുടെ അനാസ്ഥമൂലം ബിസ്മി കുടുംബശ്രീ യൂനിറ്റിന് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് കിട്ടേണ്ട ഒരുലക്ഷം രൂപയുടെ പദ്ധതി നഷ്ടപ്പെട്ടത് അടക്കമുള്ള ആരോപണങ്ങളും ഫസൽ റഹ്മാൻ നിരത്തുന്നു.

Tags:    
News Summary - arrest of the panchayat member who assaulted the secretary is delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.