പറവൂർ സഹകരണ ബാങ്ക് അഴിമതി: സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടു, അഴിമതിക്കാർക്കെതിരെ നടപടി വരും

പറവൂർ: എൽ.ഡി.എഫ് ഭരിക്കുന്ന പറവൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിയിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടൽ. മൂവാറ്റുപുഴ വിജിലൻസ് കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കുകയും സഹകരണ ജില്ല ജോയൻറ് രജിസ്ട്രാറുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണ സ്പെഷ്യൽ റിപ്പോർട്ടിൽ പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ശിപാർശ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടൽ.

അഴിമതികളെക്കുറിച്ച് മുൻ മന്ത്രിയടക്കമുള്ള സി.പി.എം നേതാക്കളും ബാങ്ക് ഭരണസമിതിയംഗങ്ങളും രേഖാമൂലം പരാതി നൽകിയിട്ടും ഏരിയ കമ്മിറ്റിയും ജില്ല നേതൃത്വവും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് വർഷം മുമ്പ് പരാതി നൽകിയ ബാങ്ക് ഭരണസമിതിയംഗം അടക്കമുള്ളവർക്കെതിരെയാണ് ക്രിമിനൽ കേസ് എടുക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്. അഴിമതികൾ അക്കമിട്ട് സ്പെഷൽ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് പുറത്തുവന്നതോടെയാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടൽ.

കഴിഞ്ഞ 15ന് കൂടിയ സി.പി.എം ജില്ല കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയും അഴിമതിക്ക് നേതൃത്വം വഹിച്ച മുൻ പ്രസിഡന്‍റ് അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ ചൊവ്വാഴ്ച പറവൂർ ഏരിയ കമ്മിറ്റി അടിയന്തരമായി വിളിച്ചിരുന്നു. എന്നാൽ, ചർച്ച നടന്നതായി സമ്മതിക്കുന്ന ഏരിയ നേതൃത്വം തീരുമാനം പുറത്തുവിട്ടിട്ടില്ല. ജില്ല സെക്രട്ടേറിയറ്റിന്‍റെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നാണ് അറിയിച്ചത്. രണ്ട് വർഷം മുമ്പ് അന്വേഷണ കമീഷനെ നിയോഗിച്ച് പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പതിറ്റാണ്ടുകളായി എൽ.ഡി.എഫ് ഭരിക്കുന്ന ബാങ്കിൽ അഴിമതിക്ക് ചുക്കാൻ പിടിച്ച നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്.

ചേന്ദമംഗലം സഹകരണ ബാങ്ക് ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവ്

പറവൂർ: ചേന്ദമംഗലം സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ സഹകരണ നിയമം വകുപ്പ് 68 (1) പ്രകാരം അന്വേഷണം നടത്താൻ സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാർ (ജനറൽ) ഉത്തരവിട്ടു.

പറവൂർ ജോയന്റ് രജിസ്ട്രാർ ഓഫിസിലെ ആലങ്ങാട് യൂനിറ്റ് ഇൻസ്പെക്ടർ സിന്ധു ജോണിനാണ് അന്വേഷണച്ചുമതല. 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ബാങ്കിൽനിന്ന് വിതരണം ചെയ്ത വസ്തു ഈട് വായ്പകളിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ഭരണസമിതി അംഗങ്ങളായ ലിജോ കൊടിയൻ, ശ്രീജിത് മനോഹർ എന്നിവർ ഭരണ സമിതി യോഗത്തിൽ ഉന്നയിക്കുകയും തീരുമാനത്തിൽ വിയോജനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ബാങ്ക് ഭരണസമിതി ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് ലിജോ കൊടിയൻ സഹകരണ വകുപ്പിന് നൽകിയ പരാതിയിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് വിവരം. ബാങ്കിനുണ്ടായ നഷ്ടം, ഉത്തരവാദികളായവർ, അവരുടെ നഷ്ടോത്തരവാദിത്തം എന്നിവ പുതിയ അന്വേഷണ ഭാഗമായി നിർണയിക്കപ്പെടും.

അന്വേഷണ കാലയളവിൽ ബാങ്കിൽനിന്ന് വിതരണം ചെയ്ത 25 ലക്ഷം രൂപ വീതമുള്ള 66 വായ്പകളിൽ, വായ്പക്കാരിൽനിന്ന് തുക ഈടാക്കാൻ കഴിയുന്നില്ലെങ്കിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ രണ്ട് ഭരണസമിതി അംഗങ്ങൾ ഒഴികെ മറ്റ് ഭരണസമിതി അംഗങ്ങൾ, മുൻ സെക്രട്ടറിമാർ എന്നിവരിൽനിന്ന് ഈടാക്കണമെന്നും നേരത്തേയുള്ള പരിശോധന റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Cooperative Bank Scam CPM state leadership intervened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.