പറവൂർ: പറവൂർ ആർ.ടി ഓഫിസിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് നഗരാതിർത്തിയിൽനിന്ന് പുത്തൻവേലിക്കരയിലേക്ക് മാറ്റുന്നു. 19 മുതൽ മാനാഞ്ചേരിക്കുന്നിലെ പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് ഇവ മാറ്റുമെന്ന് എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെ ഉത്തരവിറങ്ങി. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റീ ടെസ്റ്റ് പെരുമ്പടന്ന സബ് ആർ.ടി ഓഫിസിന് മുന്നിൽ നടക്കും. ആധുനിക ടെസ്റ്റിങ് സെന്റർ പുത്തൻവേലിക്കര ചൗക്കക്കടവിൽ ഒരുക്കുന്നത് വരെ താൽക്കാലികമായാണ് മാനാഞ്ചേരിക്കുന്നിലേക്ക് മാറ്റുന്നത്. ടെസ്റ്റുകൾക്ക് മൈതാനം നിരപ്പാക്കൽ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനും സബ് ആർ.ടി ഓഫിസിനും സ്ഥലവും കെട്ടിടവും നഗരത്തിലും സമീപങ്ങളിലും അന്വേഷിച്ചെങ്കിലും മറ്റൊരിടത്തും ലഭ്യമായില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് മാറ്റിയാൽ പിന്നാലെ സബ് ആർ.ടി ഓഫിസും മാറാനും സാധ്യതയുണ്ട്. നേരത്തേ, ടെസ്റ്റ് നടത്തിയിരുന്ന മൈതാനിയിലൂടെ ദേശീയപാത 66 നിർമാണം ആരംഭിച്ചതിനാൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ ചേർന്നു നന്തിക്കുളങ്ങരയിൽ വാടകക്കെടുത്ത ഗ്രൗണ്ടിലാണ് നിലവിൽ ടെസ്റ്റ് നടത്തുന്നത്. വാടക കെട്ടിടത്തിലാണ് സബ് ആർ.ടി ഓഫിസിന്റെയും പ്രവർത്തനം. ഗ്രൗണ്ട് നഗരത്തിൽതന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം, പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി അധികൃതർ നഗരപ്രദേശത്ത് ഒന്നര ഏക്കറോളം ഭൂമി ടെസ്റ്റ് ഗ്രൗണ്ടിനായി സൗജന്യമായി വിട്ടുകൊടുക്കാമെന്ന് പറവൂർ ജോയന്റ് ആർ.ടി.ഒയെയും നഗരസഭ ചെയർപേഴ്സനെയും അറിയിച്ചിരുന്നു. എന്നാൽ, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണമെന്നാണ് ആക്ഷേപം. ഇനി മുതൽ പറവൂർ, വൈപ്പിൻ മേഖലയിലെ പഠിതാക്കൾ 15 കിലോമീറ്ററോളം താണ്ടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.