പറവൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന പറവൂർ താലൂക്ക് ആശുപത്രി പരാധീനതകൾക്ക് നടുവിലാണ്. തീരദേശ മേഖലയിൽ നിന്നുൾപ്പെടെ ദിനംപ്രതി 1500 പേർ ഇവിടെയെത്തുന്നു. നഗരമധ്യത്തിലെ 3.6 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിക്ക് 155 കിടക്കകൾക്കുള്ള ശേഷി നിലവിലുണ്ട്. ഭാവിയിൽ ഇത് 250 ആയി ഉയരും. എന്നാൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടേയും കുറവ് മൂലം ആശുപത്രി പ്രവർത്തനം താളംതെറ്റുകയാണ്.
ജനറൽ കൺസൽട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, സീനിയർ സർജൻ, ഒഫ്താൽമോളജിസ്റ്റ്, ആംബുലൻസ് ഡ്രൈവർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഒ.പി വിഭാഗത്തിൽ എൻ.എച്ച്.എം വഴി നിയമിച്ചിരുന്ന ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ ഒ.പിയിൽ നിയമിക്കേണ്ടിവരുന്നു. പുതിയ അസിസ്റ്റന്റ് സർജൻ തസ്തികകൾ രണ്ടെണ്ണം സൃഷ്ടിക്കേണ്ടതുണ്ട്. ചർമരോഗ ചികിത്സക്കുള്ള സ്പെഷലിസ്റ്റും ഇല്ല. സൈക്യാട്രിക്, സൈക്കോളജിസ്റ്റ് ഡോക്ടർമാരുടെ തസ്തിക ഇല്ലാത്തത് മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പരിശോധനകളെ ബാധിക്കുന്നു. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ അഭാവവും റേഡിയോളജിസ്റ്റ് ഇല്ലാത്തതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പോസ്റ്റ്മോർട്ടം മുറക്ക് നടക്കുന്നുണ്ടെങ്കിലും ഫോറൻസിക് സർജൻ ഇല്ലാത്തതിനാൽ പലപ്പോഴും വിദഗ്ധ ഉപദേശത്തിന് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്.
ആശുപത്രി വഴി നൽകുന്ന സൗജന്യ ചികിത്സയുടെ ഇനത്തിൽ ലഭിക്കേണ്ട 1.30 കോടിയോളം രൂപ കിട്ടാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജിന് കഴിഞ്ഞമാസം നിവേദനം നൽകിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നുള്ള പദ്ധതിവിഹിതം വൈകുന്നത് ആശുപത്രിയുടെ തുടർപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ആശുപത്രിയിൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനും വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കാനും നടപടി തുടങ്ങിയതായി പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ പറഞ്ഞു.
പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി ചെലവഴിച്ച് പുതിയകെട്ടിടം നിർമിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനുള്ള പരിശോധനകൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും അവർ അറിയിച്ചു. പുതിയ തസ്തികകളും ഒഴിവുകളും അടിയന്തിരമായി നികത്തണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശ കെ. ജോൺ ആവശ്യപ്പെട്ടു. പത്ത് സി.എം.ഒ തസ്തികകൾ സൃഷ്ടിക്കുകയും കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ആർ.എം.ഒ തസ്തികയിലലെ ഒഴിവ് നികത്തുകയും വേണമെന്ന് അവർ പറഞ്ഞു. രാത്രിയിൽ ജീവനക്കാർക്ക് നേരെ കൈയേറ്റം പതിവായതിനാൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.