പൂജയുടെ പേരിൽ കവർച്ച: ഒരാൾ അറസ്റ്റിൽ

പറവൂർ: മകനെ വലിയ ആപത്തിൽനിന്ന് രക്ഷിക്കാൻ പ്രത്യേക പൂജ നടത്തണമെന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ച് രണ്ടുപേർ ചേർന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കോലഞ്ചേരി പത്താം മൈൽ കക്കാട്ടിൽ വീട്ടിൽ രാജനെയാണ് (48) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയുടെ ആഭരണങ്ങളും പണവുമാണ് നഷ്ടമായത്.

ശനിയാഴ്ച വീട്ടിലെത്തിയ രണ്ടുപേർ വീട്ടമ്മയുടെ മക്കളെക്കുറിച്ച് തിരക്കുകയും വിദേശത്തുള്ള മകന് ആപത്തുണ്ടാകുമെന്നും പൂജകൾ ചെയ്താൽ അതൊഴിവാകുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വീട്ടമ്മയെ വിശ്വസിപ്പിക്കാൻ വീടിനടുത്തുള്ള ചിലരുടെ പേരുകൾ പറഞ്ഞ് അവർ ഇത്തരം പൂജകൾ മുമ്പ് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. പൂജകൾക്ക് സ്വർണം ആവശ്യമാണെന്ന് പറഞ്ഞതിനെ തുടർന്ന് വീട്ടമ്മ മാലയും മോതിരങ്ങളും 1400 രൂപയും ഇവരെ ഏൽപിച്ചു.

പൂജകഴിഞ്ഞ് സ്വർണാഭരണങ്ങൾ തിരിച്ചുതരാമെന്ന് ഇവർ ഉറപ്പു നൽകിയിരുന്നെങ്കിലും അതുണ്ടായില്ല. വിവരം നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. മകന് വിദേശത്ത് ജോലി ലഭിക്കാൻ പ്രത്യേക പൂജ നടത്താമെന്ന് പറഞ്ഞ് ഇതിന് മുമ്പ് ഇവർ 2000 രൂപ വാങ്ങിയിരുന്നതായി വീട്ടമ്മ പറഞ്ഞു. ഇവർ ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി സംശയിക്കുന്നു.

പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതികളിലൊരാളെ പിടികൂടിയത്. രണ്ടാമനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സബ് ഇൻസ്പെക്ടർമാരായ അരുൺ ദേവ്, രാജേഷ്, എ.എസ്.ഐമാരായ അരുൺ, ഗിരീഷ് എസ്.സി.പി.ഒ സെബാസ്‌റ്റ്യൻ, സി.പി.ഒമാരായ അനീഷ്, ലിജോ, ദിൽരാജ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Tags:    
News Summary - Robbery in the name of Pooja: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.