വൈപ്പിൻ : തീരദേശ പരിപാലന നിയമം ഇളവുകളോടെ കേന്ദ്രം അനുമതി നൽകിയ പുതിയ മാപ്പ് പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധം. ഒക്ടോബർ 16നാണ് കേന്ദ്രം പുതിയ മാപ്പിന് അനുമതി നൽകിയത്. അതേ ദിവസം മുതൽ പുതിയ മാപ്പ് പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണമെന്നുമായിരുന്നു നിർദേശം. എന്നാൽ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി.
2019 വിജ്ഞാപന പ്രകാരം മാപ്പ് നിർമിച്ച് വേലിയേറ്റ രേഖയും തൂമ്പുകളും അടയാളപ്പെടുത്തി കരട് മാപ്പ് പ്രസിദ്ധീകരിച്ചത് 2023 മേയ് മാസത്തിലാണ്. തുടർന്ന് നടന്ന പബ്ലിക് ഹിയറിങ്ങിൽ മാപ്പിനെ സംബന്ധിച്ച് 33000 പരാതികളാണ് ഉയർന്നത്. ഇതിനിടെ ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെ സി.ആർ.ഇസഡ് ആക്ഷൻ കൗൺസിൽ നിരവധി പരാതികൾ സമർപ്പിച്ചു.
പരാതികളിൽ കാര്യമായ നടപടികളൊന്നും കേരള തീരദേശ പരിപാലന അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാതിരുന്ന സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ധർണ, കുടിൽ കെട്ടി സമരം, തെരുവിൽ അത്താഴം, തെരുവിൽ കിടപ്പ് സമരം, നിരാഹാര സത്യഗ്രഹം, സംസ്ഥാന പാത ഉപരോധം തുടങ്ങിയവ നടത്തിയത്. തുടർന്ന് 2024 ഓഗസ്റ്റ് 31ന് കേരളം ഫൈനൽ മാപ്പ്, കേന്ദ്ര അനുമതിക്കായി സമർപ്പിക്കുകയായിരുന്നു.
അതുപ്രകാരമാണ് ഒക്ടോബർ 16ന് കേന്ദ്രം പുതിയ മാപ്പിന് അനുമതി നൽകുകയും ആ ദിവസം മുതൽ പുതിയ മാപ്പ് പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് നിർദേശിക്കുകയും, പുതിയ മാപ്പ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും തീര പരിപാലന അതോറിറ്റിക്ക് അതിന് കഴിഞ്ഞിട്ടില്ലെന്ന് സി.ആർ.ഇസഡ് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഇ.കെ. സലിഹരൻ, ബേസിൽ മുക്കത്ത്, കെ.എസ്. സലി എന്നിവർ പറഞ്ഞു.
പുതിയ മാപ്പ് പ്രകാരം വീട് നിർമാണത്തിന് ലഭിക്കേണ്ട ഇളവുകൾ എത്രയും വേഗം തദ്ദേശീയർക്ക് ലഭ്യമാക്കണമെന്നും കേരളത്തിലെ ദ്വീപുകൾക്കായുള്ള പ്രത്യക പരിഗണനയായി കേന്ദ്രം പ്രഖ്യാപിച്ച വേലിയേറ്റ രേഖയിൽ നിന്ന് 20 മീറ്റർ ദൂരം അളന്ന് പെർമിറ്റ് നൽകാൻ കഴിയുന്ന സമഗ്ര ദ്വീപ് വികസന പ്ലാൻ കൂടി ഉടൻ നടപ്പാക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.