കെ-റെയിൽ സാമൂഹിക പ്രത്യാഘാത പഠനം ആരംഭിച്ചു

മികച്ച സഹകരണമാണ്​ ആദ്യദിവസം ലഭിച്ചതെന്ന്​ സംഘം കൊല്ലം: ജില്ലയിൽ കെ-റെയിൽ പദ്ധതിക്കായുള്ള സാമൂഹിക പ്രത്യാഘാത പഠനം ആരംഭിച്ചു. പാരിപ്പള്ളി വില്ലേജിലാണ്​ വെള്ളിയാഴ്ച ഉച്ചക്കു​ ശേഷം പഠനത്തിന്​ തുടക്കമായത്​. മികച്ച സഹകരണമാണ്​ ആദ്യ ദിവസം ലഭിച്ചതെന്ന്​ പഠനം നടത്തുന്ന കേരള വളന്‍ററി ഹെൽത്ത്‌ സർവിസ് സംഘം വ്യക്തമാക്കി. പദ്ധതി മൂലം വീട് നഷ്ടപെടുന്ന കല്ലുവാതുക്കൾ പഞ്ചായത്ത്‌ ഏഴാം വാർഡിൽ ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിൽ ആണ് ആദ്യ വിവരശേഖരണം നടത്തിയത്. കുടുംബത്തിന്‍റെ വിവരങ്ങൾ ഗോപാലകൃഷ്ണപിള്ളയും ഭാര്യ വിജയകുമാരിയമ്മയും വളന്‍റിയർ സംഘത്തോട്​ പങ്കുവെച്ചു. 25 വർഷമായി താമസിക്കുന്ന വീടാണ് നഷ്ടപ്പെടുന്നതെന്നും, ആകെയുള്ള 35 സെന്‍റ്​ ഭൂമിയിൽ 20 സെന്‍റോളം നഷ്ടപ്പെടുമെന്നും അവർ പറഞ്ഞു. ബാക്കിയാവുന്ന ഭൂമി ഉപയോഗയോഗ്യമല്ല. പുതിയ സ്ഥലവും വീടും വാങ്ങാനുള്ള നഷ്ടപരിഹാരം നൽകണം എന്ന ആവശ്യമാണ് പ്രധാനമായും കുടുംബം ഉന്നയിച്ചതെന്ന്​ സംഘം പറഞ്ഞു. തുടർന്ന് ഏതാനും ഭൂവുടമസ്ഥരുടെ വിവരങ്ങളും ശേഖരിച്ചു. രാവിലെ ആരംഭിക്കാൻ തീരുമാനിച്ച പഠനം വിവിധ ജില്ലകളിലെ വിലയിരുത്തൽ യോഗം കാരണമാണ്​ ഉച്ചക്കു ശേഷമാക്കിയത്. ശനിയാഴ്ച പാരിപ്പള്ളി വില്ലേജിൽ പഠനം തുടരുന്നതിനൊപ്പം ആദിച്ചനല്ലൂർ, മീനാട് വില്ലേജുകളിലും ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.