ഷിബു ബേബിജോണിന്‍റെ കുടുംബവീട്ടിലെ കവർച്ച: പ്രതി പിടിയിൽ

കൊല്ലം: മുൻമന്ത്രി ഷിബു ബേബിജോണിന്‍റെ കുടുംബവീട്ടിൽനിന്ന്‌ സ്വർണം കവർന്ന കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. കന്യാകുമാരി ജില്ലയില്‍ മണികെട്ടാന്‍ പൊട്ടന്‍ വണ്ണന്‍വിള്ളൈ വില്ലേജില്‍ രമേഷ് ആണ് (രാസാത്തി രമേഷ്- 48) നാ​ഗര്‍കോവിലിൽനിന്ന് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണം വിൽക്കാൻ നാ​ഗര്‍കോവിലിലെ ജ്വല്ലറിയിലെത്തിയ രമേഷിനെ സംശയത്തെതുടര്‍ന്ന് ജീവനക്കാര്‍ പൊലീസിന് കൈമാറുകയായിരുന്നു. ചോദ്യംചെയ്യലിൽ മോഷണവിവരം സമ്മതിച്ചതോടെ തമിഴ്നാട് പൊലീസ് കൊല്ലം ഈസ്റ്റ്‌ പൊലീസിനെ വിവരമറിയിച്ചു. ഈസ്റ്റ് പൊലീസ് സംഘം നാഗര്‍കോവിലിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി സ്ഥിരംമോഷ്ടാവാണ്​. ഒരു കേസിൽ ശിക്ഷകഴിഞ്ഞ്​ പുറത്തിറങ്ങിയതിനു​ പിന്നാലെയാണ്​ വീണ്ടും മോഷണം നടത്തി പിടിയിലായത്​. ഷിബു ബേബിജോൺ താമസിക്കുന്ന കടപ്പാക്കടയിലെ വീടിനോട് ചേര്‍ന്നുള്ള ബേബിജോണിന്‍റെ വീടായ വയലിൽ വീട്ടിൽ ശനിയാഴ്ച രാത്രിയാണ്​ മോഷണം നടന്നത്. ബേബിജോണിന്‍റെ മരണശേഷം ഈ വീട്ടില്‍ താമസിക്കുന്ന ഭാര്യ അന്നമ്മ ജോണിന്‍റെ 53 പവന്‍ ആഭരണങ്ങളും മറ്റുമാണ് മോഷണം പോയത്. രാത്രികാലങ്ങളില്‍ ഇവര്‍ കുടുംബ വീടിനോട് ചേര്‍ന്നുള്ള മകൻ ഷിബുവിന്‍റെ വീട്ടിലാണ് അന്തിയുറങ്ങുന്നത്. ഇതിനാൽ ഞായറാഴ്ചയാണ് മോഷണവിവരം അറിഞ്ഞത്. കഴിഞ്ഞ 30ന് പാലക്കാട് ജില്ല ജയിലില്‍നിന്നു മോചിതനായ രമേഷ്​ ട്രെയിനില്‍ കൊല്ലത്തെത്തി റെയില്‍വേ സ്റ്റേഷനും പരിസരങ്ങളിലുമായി കറങ്ങി നടക്കുകയായിരുന്നു. രാത്രിയില്‍ പരിസരങ്ങളിലെ വീടുകളില്‍ നിരീക്ഷണം നടത്തിയ പ്രതി, രാത്രിയില്‍ ആളില്ലെന്ന് മനസ്സിലാക്കിയാണ് മോഷണത്തിന് ഈ വീട് തെരഞ്ഞെടുത്തത്. കമ്പിപ്പാരകൊണ്ട് വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന് കിടപ്പ് മുറിയില്‍ അലമാരയില്‍നിന്നു സ്വർണാഭരണങ്ങള്‍ മോഷ്​ടിക്കുകയായിരുന്നു. മോഷണത്തെ തുടര്‍ന്ന് സ്ഥലത്തുനിന്ന്​ രക്ഷപ്പെട്ടതായി വ്യക്തമായതോടെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലെ പ്രത്യേക സംഘം ഇയാളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ തമിഴ്നാടിന് പൊലീസിന് കൈമാറി. തുടര്‍ന്ന് നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഇയാളെ തിരിച്ചറിയുകയായിരുന്നു. പ്രതിയിൽനിന്ന്​ 53 പവന്‍ കണ്ടെടുത്തു. മോഷണത്തിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്,​ 24 മണിക്കൂര്‍ തികയുന്നതിനു മുമ്പാണ്​ ഇയാളെ വലയിലാക്കിയത്​. ജില്ല പൊലീസ് മേധാവി ടി. നാരായണ‍ന്‍റെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ ജി.ഡി. വിജയകുമാര്‍, കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്, എസ്.ഐമാരായ ബാലചന്ദ്രന്‍, രാജ്മോഹന്‍, എസ്.സി.പി.ഒ സുനില്‍ സി.പി.ഒമാരായ രഞ്ജിത്ത്, സനോജ്, ബിനു, ജലജ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കേരളത്തില്‍ എത്തിച്ച് മോഷണ മുതല്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.