ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറ ഖനനം ചെയ്യുന്നതിനെതിരെ പ്രതിഷേധം

ഓയൂർ: ചെറിയവെളിനല്ലൂർ ആയിരവില്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആയിരവില്ലി പാറ ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ ജില്ലഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. കൊട്ടാരക്കര ഇളമാട്​ ആയിരവില്ലി പാറയും അനുബന്ധ പാറ പുറമ്പോക്കും വരുന്ന പ്രദേശത്താണ് ചെറിയ വെളിനല്ലൂർ ആയിരവില്ലി ദേവസ്വം ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മൂലസ്ഥാനം കുടികൊള്ളുന്നത്. നൂറ്റാണ്ടുകളായി ആയിരവില്ലി പാറയും അനുബന്ധമായുള്ള നാഗത്തറയും കാവും ക്ഷേത്രത്തിന്‍റെ ഭാഗമായി വിശ്വാസികൾ ആരാധിച്ചുവന്നിരുന്നു. വർഷങ്ങൾ പഴക്കം ചെന്ന അമ്പലവും ആയിരവില്ലി പാറക്ക്​ മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. എല്ലാ വർഷവും അമ്പലത്തിൽ നിന്ന്​ എഴുന്നെള്ളത്ത് പാറയുടെ മുകളിലെ അമ്പലത്തിൽ പോയി തിരിച്ചുവരുന്ന ആചാര ചടങ്ങുമുണ്ട്​. പ്രദേശത്ത് പാറ ഖനനം നടത്തുന്നതിന്​ അനുമതിക്കായി സ്വകാര്യവ്യക്തികൾ നീക്കം നടത്തുന്നതായാണ്​ പ്രദേശവാസികൾ വ്യക്തമാക്കുന്നത്​. പ്രദേശം സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ട്​ കലക്ടർ, ജിയോളജിസ്റ്റ്, കൊട്ടാരക്കര തഹസിൽദാർ എന്നിവർക്ക്​ നാട്ടുകാർ നിവേദനം നൽകി. അധികൃതരുടെ ഭാഗത്ത് നിന്ന്​ പാറ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.