ഓയൂർ: ദി സിറ്റിസണ്‍ 2022 -സമ്പൂര്‍ണ ഭരണഘടന സാക്ഷരത കാമ്പയിൻ പൂയപ്പള്ളി പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ.ഡാനിയല്‍ പൂയപ്പള്ളി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍നിന്നും പൂയപ്പള്ളി സര്‍ക്കാര്‍ ഹൈസ്‌കൂള്‍വരെ ഭരണഘടന സാക്ഷരത വിളംബരജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ജെസി റോയി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷൈന്‍ കുമാര്‍, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബി. വസന്തകുമാരി, ടി.ബി. ജയന്‍, ജയ രാജേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. വിശ്വനാഥന്‍ പിള്ള, സെക്രട്ടറി ആര്‍. രാജേഷ് കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. പ്രതിഷേധ മാർച്ച് കൊട്ടാരക്കര: കൊട്ടാരക്കരയിൽനിന്ന് മേലില പഞ്ചായത്തിലെ ലോവർ കരിക്കത്തേക്ക് മാറ്റിയ ബിവറേജസ് ഔട്ട്ലെറ്റ് അവിടെനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോൺഗ്രസ് മേലില മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, കെ.പി.സി.സി നിർവാഹക സമിതി അംഗം അലക്സ് മാത്യു, റെജിമോൻ വർഗീസ്, സി.ആർ. നജീബ്, മേലില അജിത്, സജി യോഹന്നാൽ, ചെറിയാൻ പി .കോശി എന്നിവർ പങ്കെടുത്തു. ആയുർവേദ നഴ്സിങ് ഹോമിന്‍റെ ജനൽ ചില്ലുകൾ തകർത്ത പ്രതി അറസ്റ്റിൽ കൊട്ടാരക്കര: തലച്ചിറ വൈദ്യശാല ജങ്ഷനിൽ പ്രവർത്തിക്കുന്ന ചന്ദ്ര നഴ്സിങ് ഹോം ആൻഡ് കൺസൾട്ടിങ് സെന്‍ററിന്‍റെ ജനൽ ഗ്ലാസുകൾ തകർത്ത കേസിൽ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തലച്ചിറ തെങ്ങിൻകോട് സിയാദ് മൻസിലിൽ ഷിഹാബുദ്ദീനാണ് (50) അറസ്റ്റിലായത്. പ്രതി നഴ്സിങ് ഹോമിലെ ഡോക്ടറായ സന്തോഷ് ഉണ്ണിത്താന്‍റെ കാറിന്‍റെ റിയർ വ്യൂ മിറർ പിടിച്ചുമടക്കുകയും ഗ്ലാസിൽ ഇടിക്കുകയും ചെയ്യുന്നത് കണ്ട ഡോക്ടർ ഇയാളെ പിടിച്ചുമാറ്റിയിരുന്നു. ഈ വിരോധത്താൽ എട്ടിന് രാത്രിയോടുകൂടി പ്രതി നഴ്സിങ് ഹോമിൽ അതിക്രമിച്ച് കയറി ജനൽ ഗ്ലാസുകൾ ചുടുകട്ട കൊണ്ട് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്.എം. ഹബീബ്, എസ്.ഐ അജയകുമാർ, സി.പി.ഒ ജയേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.