ഇരവിപുരം: സ്ഥാപിതമായിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും പുരോഗതിയില്ലാതെ കൊല്ലൂർവിള പള്ളിമുക്കിലുള്ള വടക്കേവിള സർക്കാർ ആയുർവേദ ഡിസ്പെൻസറി. സ്വന്തമായി സ്ഥലവും കെട്ടിടവും ആവശ്യത്തിന് സൗകര്യങ്ങളുമുണ്ടെങ്കിലും കിടത്തി ചികിത്സയുള്ള ആശുപത്രിയായി മാറ്റണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.
ജനപ്രതിനിധികളോട് നാട്ടുകാർ ഈ ആവശ്യം പല തവണ ഉന്നയിച്ചെങ്കിലും നിരാശയാണ് ഫലം. വർഷങ്ങൾക്കു മുമ്പ് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഇവിടെ കിടത്തി ചികിത്സക്കായി കട്ടിലുകൾ അനുവദിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.
മുൻ മന്ത്രി എ.എ.റഹീമിന്റെ കാലത്താണ് ഇവിടെ ഡിസ്പെൻസറി സ്ഥാപിച്ചത്. സ്ഥാപിതമായ കാലംമുതൽ നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ഡിസ്പെൻസറി. പന്ത്രണ്ട് ലക്ഷത്തോളം രൂപയുടെ മരുന്നുകളാണ് വർഷം തോറും ഡിസ്പെൻസറിക്ക് ലഭിക്കുന്നത്. ദിവസവും നൂറിൽപരം രോഗികൾ ഇവിടെ ചികിത്സതേടിയെത്തുന്നു. രോഗികളിൽ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരാണ്.
അതേസമയം, ഡിസ്പെൻസറിക്ക് മുന്നിൽ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. മാലിന്യ നിക്ഷേപ വിവരം അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഡിസ്പെൻസറി മാനേജ്മെന്റ് കമ്മിറ്റി നിലവിലുണ്ടെങ്കിലും ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ല.
കെട്ടിടത്തിന്റെ കാലപ്പഴക്കംമൂലം ഡോക്ടർ ഇരുന്ന് രോഗികളെ നോക്കുന്നതിന് മുകളിൽതന്നെ സീലിങ്ങുകൾ ഇളകി മരപ്പട്ടികളും എലികളും സ്വൈരവിഹാരം നടത്തുകയാണ്. ആശുപത്രിയുടെ പിറകിലുള്ള രണ്ട് കിണറുകൾക്കു സമീപം കാടുമൂടി.
സ്ഥിരമായി ഇവിടെയുണ്ടായിരുന്ന ഡോക്ടർ അവധിയിൽ പോയതിനെ തുടർന്ന് ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് ഇപ്പോൾ ഡോക്ടറുടെ സേവനമുള്ളത്. ഇത് രോഗികളെ ബാധിച്ചിട്ടുണ്ട്. ഡിസ്പെൻസറി അപ്ഗ്രേഡ് ചെയ്ത് ആശുപത്രിയാക്കിയെങ്കിൽ മാത്രമേ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കാൻ കഴിയുകയുള്ളൂ.
ആശ്രാമത്ത് ആയുർവേദ ആശുപത്രി നിലവിലുള്ളതിനാലാണ് വടക്കേവിള ഡിസ്പെൻസറി ആശുപത്രിയാക്കി ഉയർത്താൻ തടസ്സമത്രെ. ഇവിടെ കിടത്തി ചികിത്സയുള്ള ആശുപത്രിയെന്നത് പ്രദേശവാസികളുടെ അരനൂറ്റാണ്ടായുള്ള സ്വപ്നമാണ്. ജനപ്രതിനിധികൾ മുൻകൈയെടുത്താൽ നാട്ടുകാരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.