അഞ്ചൽ: ഇതരസംസ്ഥാനത്തൊഴിലാളി വ്യാജ സ്മാർട്ട് ഫോൺ നൽകി പണം വാങ്ങി കബളിപ്പിച്ചതായി പരാതി. ആയൂരിലെ ഒരു വ്യാപാരിക്കാണ് പണം നഷ്ടപ്പെട്ടത്. ബൈക്കിൽ ഒരു സ്ത്രീയും രണ്ടു കുട്ടികളോടുമൊപ്പം ആയൂരിലെ വ്യാപാര സ്ഥാപനത്തിലെത്തിയ ഇരസംസ്ഥാന തൊഴിലാളിയായ യുവാവ് തന്‍റെ കൈവശമുള്ള സ്മാർട്ട് ഫോൺ വിൽക്കാനുണ്ടെന്നും വാങ്ങി പണം തന്ന് സഹായിക്കണമെന്നും അഭ്യർഥിച്ചു. വിശ്വാസം വരുന്നതിനായി പുണെയിൽനിന്നും വാങ്ങിയ ഫോണിന്‍റെ ബില്ലും കാണിച്ചു. ഒപ്പം തങ്ങൾക്ക് നാട്ടിൽ ഉടൻ തിരിച്ചെത്തേണ്ട സാഹചര്യമുള്ളതിനാലാണ് നഷ്ടം സഹിച്ച് ഫോൺ വിൽക്കുന്നതെന്നും വ്യാപാരിയെ ധരിപ്പിച്ചു.
വ്യാപാരി ഫോണും ബില്ലും നോക്കി ബോധ്യപ്പെട്ട ശേഷം 6000 രൂപക്ക് ഫോൺ വാങ്ങി. പിന്നീട് വ്യാപാരി സിം കാർഡ് ഇട്ട് ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് സർവിസ് സെന്‍ററിൽ നൽകി പരിശോധിച്ചപ്പോഴാണ് വ്യാജ മൊബൈൽ ഫോണാണെന്നും ഉപയോഗ യോഗ്യമല്ലെന്നും കണ്ടെത്തിയത്. മേഖലയിൽ മറ്റു പലരും സമാന രീതിയിലുള്ള കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്ന് പറയപ്പെടുന്നു. സംഭവത്തിൽ പൊലീസിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വ്യാപാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.