അഞ്ചൽ: പ്രാർഥനക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; ആനക്കുളം വട്ടമണ്പണയില് ആലുവിള വീട്ടിൽ ബെന്നികുട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ കവര്‍ച്ച നടന്നത്.
വീടിന്റെ മുന്‍വശത്തെ പ്രധാന വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ടു കിടപ്പുമുറികളിലെ അലമാരകള്‍ കുത്തിത്തുറന്ന് പതിനേഴു പവൻ സ്വര്‍ണം കവര്‍ന്നു. ഈ സമയം ബെന്നിക്കുട്ടിയും ഭാര്യയും അൽപം അകലെയുള്ള ബന്ധുവീട്ടില്‍ പ്രാര്‍ഥനക്കായി പോയിരുന്നു.
ഏഴരയോടെ ഇവർ തിരികെയെത്തിയപ്പോൾ വീട്ടിനുള്ളിൽ അലമാരയിലെയും മേശയിലെയും സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിൽ കാണുകയുണ്ടായി. കൂടുതൽ പരിശോധനയിലാണ് കവര്‍ച്ച വിവരം മനസ്സിലായത്. ഉടന്‍ തന്നെ ഏരൂര്‍ പൊലീസില്‍ അറിയിച്ചു. പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി.
ബുധനാഴ്ച രാവിലെ പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കൂടുതൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു. കവര്‍ച്ച നടന്ന വീട്ടില്‍നിന്ന് മണം പിടിച്ച് ഓടിയ പൊലീസ് നായ വീടിനു പിന്വശത്ത്കൂടി വനഭാഗത്തേക്ക് പോകുകയുണ്ടായി.
ഇവിടെനിന്നു ചില തെളിവുകള്‍ പൊലീസിന് ലഭിച്ചു. വീട്ടുകാരുടേതടക്കം വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് അേന്വഷണം ആരംഭിച്ചു. ഏരൂര്‍ ഇന്‍സ്പെക്ടര്‍ എം.ജി. വിനോദ്, എസ്.ഐ എസ് .ആര് രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.