അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ പത്തടി വൈദ്യഗിരിയിൽ മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ജനപ്രതിനിധികളും നാട്ടുകാരും. ഏതാനും മാസം മുമ്പ് ഇവിടെ മാലിന്യ പ്ലാൻ്റ് സ്ഥാപിക്കുന്നതിന് വസ്തു നൽകാൻ താല്പര്യമറിയിച്ച് ഏതാനും ഭൂഉടമകൾ വന്നിരുന്നു. അതനുസരിച്ച് റവന്യൂ ഉദ്യോഗസ്ഥർ രഹസ്യമായെത്തി സ്ഥലപരിശോധന നടത്തിയിരുന്നു. ഇതറിഞ്ഞ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കുകയും എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്ലാൻറിനെതിരേ രംഗത്തു വരികയും ചെയ്തതിരുന്നു. പിന്നീട് പ്ലാൻ്റ് അലയമൺ പഞ്ചായത്തിലെ ചണ്ണപ്പേട്ടയിൽ സ്ഥാപിക്കുന്നതിനുള്ള രഹസ്യ നീക്കം നടന്നിരുന്നു.ഇതിനെതിരേയും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ പ്ലാൻ്റ് വിഷയം ഉപേക്ഷിക്കപ്പെെട്ടന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ ചേംബറിൽ വസ്തു ഉടമകളുമായി നടത്താൻ തീരുമാനിച്ച കൂടിക്കാഴ്ച ഏരൂർ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ പ്രതിഷേധത്തെത്തുടർന്ന് നടക്കാതെ പോയി. പൊലീസെത്തിയെങ്കിലും ജനപ്രതിനിധികൾ പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ തയാറായില്ല.
ഇതോടെ പത്തടി, ചണ്ണപ്പേട്ട മേഖലയിൽ നാട്ടുകാരുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. വന്‍കിട മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനു പിന്നില്‍ ഭൂമാഫിയകളും ഒരു വിഭാഗം ഉദ്യോഗസ്ഥരുമാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ആരോപിക്കുന്നു. ലോക ബാങ്ക് സഹായത്തോടെ തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള മാലിന്യം എത്തിച്ച് സംസ്കരിക്കുന്നതിനുള്ള കോടികളുടെ പ്ലാന്റ് മലയോര മേഖലയില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.