അഞ്ചൽ: ഉത്സവത്തിരക്കിനിടെ വ്യാപാരിയുടെ സ്കൂട്ടർ മോഷ്ടിച്ചു കടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. അയിലറ മുഴതാങ്ങ് ജ്യോതിന നിവാസിൽ അനീഷ് ആണ്(23) അറസ്റ്റിലായത്. ഏതാനും ദിവസം മുമ്പ് നടന്ന ഏരൂർ തൃക്കോയിക്കൽ ക്ഷേത്രത്തിലെ ഉത്സവാഘോഷ യാത്രത്തിരക്കിനിടെയാണ്, ഏരൂർ ജങ്ഷനിലെ വ്യാപാരിയായ ഉദയന്‍റെ വാഹനം മോഷ്ടിക്കപ്പെട്ടത്.
ജനത്തിരക്ക് കാരണം ഉദയൻ തന്‍റെ വ്യാപാര സ്ഥാപനത്തിന് സമീപം റോഡരികിലായി സ്കൂട്ടർ ഒതുക്കി വെച്ചിരിക്കുകയായിരുന്നു. വാഹനം കാണാതായെന്നുള്ള പരാതിയെത്തുടർന്ന് ഏരൂർ പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ ഉദയന്‍റെ കടയുടെ അൽപംമാറി പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറിക്ക് സമീപത്തുനിന്നും ഒരുയുവാവ് ഫോണ്‍ ചെയ്യുന്നതും പിന്നീട് അയാള്‍ സ്കൂട്ടറിനടുത്തെത്തി പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മോഷണത്തിനു മുമ്പ് അനീഷ് റോഡിലൂടെ കടന്നുവന്ന ഒരു കാർ കൈകാണിച്ചു നിർത്തികയറിയാണ് ഏരൂർ ജങ്ഷനിലെത്തിയതെന്നും കൃത്യത്തിൽ കാറുകാരന് പങ്കില്ലെന്നും കാറിൽ ലിഫ്റ്റ് നൽകുക മാത്രമാണുണ്ടായതെന്നും അന്വേഷണത്തിൽ വ്യക്തമായി. മോഷ്ടിക്കപ്പെട്ട വാഹനം ശാസ്താംകോട്ടയിൽനിന്നും കണ്ടെടുത്തു. ഏരൂർ എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.