ആയൂർ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്‍റെ സിരാകേന്ദ്രം, എം.സി റോഡ് കടന്നുപോകുന്ന പ്രധാന ടൗണുകളിലൊന്ന്. സമീപ പഞ്ചായത്ത് പ്രദേശത്തുള്ളവരും വിവിധ ആവശ്യങ്ങൾക്കായി നിത്യസമ്പർക്കം പുലർത്തുന്ന പ്രധാന സ്ഥലം.
ഒരു കിലോമീറ്റർ ചുറ്റളവിലായി പ്രീ-പ്രൈമറി മുതൽ ടെക്നിക്കൽ കോളജ് വരെയുള്ളിടം. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും നിരവധി. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം? ഇതിനനുസരിച്ചുള്ള വികസനം നടക്കാതെ പോയൊരു സ്ഥലമാണ് ആയൂർ.
ആയൂർ = ആയുർവേദാശുപത്രി
ഒരു കാലത്ത് ആയൂർ എന്നാൽ, ആയുർവേദാശുപത്രി എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. ഒരു നൂറ്റാണ്ട് മുമ്പാണ് ഇവിടെ ഇത്തിക്കരയാറിന്‍റെ തീരത്ത് ഈ ആശുപത്രി ആരംഭിച്ചത്. സമീപ പ്രദേശങ്ങളായ ചടയമംഗലം, ഇട്ടിവ, അലയമൺ, അഞ്ചൽ, ഇടമുളയ്ക്കൽ, ഉമ്മന്നൂർ, വെളിനല്ലൂർ, ഇളമാട് മുതലായ പഞ്ചായത്ത് പ്രദേശത്തുള്ളവർ ആയുർവേദ ചികിത്സക്കായി ഇന്നും ആശ്രയിക്കുന്നത് ഈ ആശുപത്രിയെത്തന്നെയാണ്.
നൂറുകണക്കിന് ജനങ്ങളാണ് ഇവിടെ നിത്യവും ഒ.പിയിലെത്തുന്നത്. ഇവിടെയെത്തുന്നവർക്ക് വെയിലും മഴയുമേൽക്കാതെ കാത്തിരിക്കുന്നതിന് സൗകര്യം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കിടത്തി ചികിത്സ, പേവാർഡ്, എക്സ്-റേ യൂനിറ്റ് ഉൾപ്പെടെയുണ്ടെങ്കിലും വൈദ്യുതി നിലച്ചാൽ പ്രവർത്തനം താളംതെറ്റുകയാണ്. ജീർണിച്ച പഴയകെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
സാമൂഹികവിരുദ്ധരുടെ താവളമായി കെ.എസ്.ആർ.ടി.സി സബ്ഡിപ്പോ
ആയൂർ ജങ്ഷനിൽ എം.സി റോഡിനഭിമുഖമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ അനാഥാവസ്ഥയിലാണ്. തുടക്കത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് ജീവനക്കാരുണ്ടായിരുന്നതാണ്. ഇപ്പോൾ ആരുമില്ല. കെട്ടിടങ്ങൾ ജീർണാവസ്ഥയിലാണ്.
യാത്രക്കാർക്കായി നിർമിച്ച വെയിറ്റിങ് ഷെഡുകളിൽ വലതുഭാഗത്തുള്ളത് മദ്യപാനികളുടെ താവളമായി മാറി. മറുഭാഗത്തുള്ളവ വിവിധ കച്ചവടക്കാരും കൈയേറി. അതിനാൽ യാത്രക്കാർ റോഡരികിലും കടത്തിണ്ണകളിലുമാണ് ബസ് കാത്തുനിൽക്കുന്നത്.
ഇവിടെയുള്ള പബ്ലിക് കംഫർട്ട് സ്റ്റേഷൻ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. പ്രധാന കെട്ടിടത്തോട് ചേർന്നാണ് ടൗണിലെ ചപ്പുചവറുകൾ കൂടിയിട്ട് കത്തിക്കുന്നത്. സ്റ്റേ ബസുകൾ പാർക്ക് ചെയ്യുന്നതും ഇവിടെത്തന്നെയാണ്.
ഇവിടെ ചപ്പുചവറുകൾക്ക് തീയിടുന്നത് അപകടകരമാണെന്ന് നാട്ടുകാർ വിലക്കിയിട്ടും ഇവിടെത്തന്നെ എല്ലാ ദിവസവും തീയിടുന്നത് പതിവാക്കിയിരിക്കുകയാണ്.
ഈ കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന െറയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. െറയിൽവേ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നതായിരുന്നുവെങ്കിലും പുനഃപ്രവർ ത്തനത്തിന് വിദൂര സാധ്യത പോലും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല.
പരിഹാരമില്ലാതെ വെള്ളക്കെട്ട്
ചെറിയ മഴ പെയ്താൽപോലും ആയൂർ ടൗൺ വെള്ളക്കെട്ടിൽ മുങ്ങുന്നതാണ് പതിവ്. ഇത് ഒഴിവാക്കാനായി ഒഴുക്കുന്നത് ലക്ഷങ്ങളാണെങ്കിലും വെള്ളക്കെട്ടിന് ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല.
കുണ്ടും കുഴിയുമായി റോഡുകൾ
ടൗണിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞും കുഴികളുമായി കിടക്കുകയാണ്. ഗട്ടറുകളിൽ വീഴാതെ ഇതുവഴി ഒരു വാഹനത്തിനും കടന്നുപോകാൻ സാധ്യമല്ല. റോഡിലെ കുഴികളിൽ വാഴ നട്ട് നാട്ടുകാർ പ്രതിഷേധിച്ചിട്ടുമുണ്ട്. ജനവികാരം ഉൾക്കൊണ്ട് ശാസ്ത്രീയമായി ഓട നിർമിച്ചാൽ വെള്ളക്കെട്ടിന് പരിഹാരമാകും.
ആർക്കും വേണ്ടാത്ത കമ്യൂണിറ്റി ഹാൾ
ആയൂർ ജവഹർ സ്കൂളിന് സമീപം നാല് പതിറ്റാണ്ട് മുമ്പ് ഇടമുളയ്ക്കൽ പഞ്ചായത്ത് നിർമിച്ച കമ്യൂണിറ്റി ഹാൾ ആർക്കും വേണ്ടാത്ത സ്ഥിതിയാണ്. നിർമാണ ഘട്ടത്തിലുണ്ടായ ചില അപാകതകൾ മൂലം കമ്യൂണിറ്റി ഹാളിൽ യാതൊരുവിധ പരിപാടിയും നടത്താൻ പറ്റാത്ത സാഹചര്യമാണ്. ഇത് ആധുനിക രീതിയിൽ പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.