കൊല്ലം: മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് കശുവണ്ടിമേഖലയിൽ ബാങ്കുകൾ അട്ടിമറിക്കുന്നതായി വ്യവസായികൾ. തകർച്ചയിലായ കശുവണ്ടിവ്യവസായത്തെ പുനരുദ്ധരിക്കാനാണ് 2019ൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബാങ്കുകളുമായി ചേർന്ന് പാക്കേജ് നടപ്പാക്കാൻ തീരുമാനിച്ചത്.
എന്നാൽ, ബാങ്കുകൾ പലതും ഈ പാക്കേജ് അട്ടിമറിച്ചതുമൂലം ഭൂരിപക്ഷം ഫാക്ടറികളും അടഞ്ഞുകിടക്കുകയാെണന്ന് കാഷ്യൂ പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധിമൂലം ആറ് വ്യവസായികൾ ആത്മഹത്യചെയ്തു. തൊഴിലാളികളെല്ലാംതന്നെ തൊഴിൽരഹിതരായി. അവർക്ക് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ പോലും കിട്ടുന്നില്ല.
ഈ വിഷയം മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് രണ്ടുവർഷംമുമ്പ് കശുവണ്ടി വ്യവസായികളും ബാങ്കുകളുമായിട്ടുള്ള വായ്പപ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്നംഗ കമ്മിറ്റി രൂപവത്കരിച്ചു. സർക്കാർപ്രതിനിധിയെ കൂടാതെ സ്റ്റേറ്റ് ലെവൽ ബാങ്കിങ് കമ്മിറ്റി കൺവീനറും ഒരു വ്യവസായപ്രതിനിധിയും ഉൾപ്പെട്ടതാണ് കമ്മിറ്റി. ഇത് പലവട്ടം കൂടിയെങ്കിലും എസ്.എൽ.ബി.സി കൺവീനറുടെ ഇരട്ടത്താപ്പ് നയം മൂലം തീരുമാനം ഉണ്ടാകാതെ പോയി. വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ പിന്നീട് നടന്ന ചർച്ചയിൽ വ്യവസായികളുടെ ബാധ്യത കുറച്ചുകൊണ്ടുവരുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിക്കുകയും 50-60 ശതമാനം അനുപാതത്തിൽ ഒരു വർഷക്കാലാവധി അനുവദിക്കുകയും ചെയ്തു.
എന്നാൽ ഇതും പല ബാങ്കുകളും നാളിതുവരെ അംഗീകരിച്ചിട്ടിെല്ലന്ന് വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. ചില ബാങ്കുകൾ ഭൂമാഫിയകളുമായി ചേർന്ന്, ഇ- ഓക്ഷൻ ഓപൺ സെയിൽ രീതികളിൽ വളരെ തുച്ഛമായ വിലക്ക് ഭീമമായ കമീഷൻ കൈപ്പറ്റി കശുവണ്ടി ഫാക്ടറി ഭൂമി തട്ടിയെടുക്കുകയും ചെയ്തു. സർക്കാറിന്റെ നിർദേശത്തിന് വിരുദ്ധ നിലപാടായിട്ടും എസ്.എൽ.ബി.സി ഇതിന് കൂട്ടുനിൽക്കുകയായിരുന്നു.
ബാങ്കുകളുടെ ഈ നിഷേധാത്മക നിലപാടിനെതിരെ കാഷ്യൂ പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ബാങ്കുകൾക്കുമുന്നിൽ സമരം നടത്തും. മൂന്ന് ബാങ്കുകൾക്ക് മുന്നിലാണ് ആദ്യ ഘട്ട സമരം. യുകോ ബാങ്ക്, യൂനിയൻ ബാങ്ക് എന്നിവയുടെ മുന്നിലെ സമരം രാവിലെ 10ന് എം. നൗഷാദ് എം.എൽ.എയും എസ്.ബി.ഐക്കുമുന്നിൽ മുൻ എം.എൽ.എ മേഴ്സിക്കുട്ടി അമ്മയും ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ട സമരം അടുത്തദിവസങ്ങളിൽതന്നെ മറ്റ് ബാങ്കുകളുടെ മുന്നിൽ നടത്തും. മൂന്നാംഘട്ടം റിലേ സത്യഗ്രഹം, നിരാഹാരം എന്നിവയായിരിക്കും. കാഷ്യൂ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡി. മാത്യുകുട്ടി, സെക്രട്ടറി എ.എം. ഷിക്കാർ, സമരസമിതി കൺവീനർ കെ.ബി. സജീവ്, പ്രദീപ്, നൗഷാദ്, നിസാം, അച്ചു, സാബു, അസ്കർ, ശശിധരൻ ആചാരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.