കൊല്ലം: ഇരുചക്ര വാഹനത്തിലെ ഇന്ധനം തീർന്നതിനാൽ സുഹൃത്ത് പെട്രോൾ വാങ്ങി വരുന്നത് കാത്തുനിന്ന യുവാവിനെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. ഞായറാഴ്ച രാത്രി 11ഓടെ ആശ്രാമം ക്രൈംബ്രാഞ്ച് ഓഫിസിന് മുന്നിൽവെച്ച് ജോനകപ്പുറം സുറുമി മൻസിലിൽ ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി എസ്. നാസറുദ്ദീന്റെ മകൻ റിജ്നാസിനെ മർദിച്ചതായാണ് പരാതി. പ്രവാസിയായ റിജ്നാസ് രണ്ടാഴ്ച മുമ്പ് അസുഖബാധിതനായ സഹോദരനൊപ്പം നാട്ടിലെത്തി ചൊവ്വാഴ്ച മടങ്ങാൻ ഇരിക്കയായിരുന്നു.
പരാതി ഇങ്ങനെ: ഞായറാഴ്ച രാത്രി സുഹൃത്തിനൊപ്പം ആശ്രാമം ലിങ്ക് റോഡിലൂടെ വരവെ ക്രൈംബ്രാഞ്ച് ഓഫിസിന് മുന്നിലെത്തിയപ്പോൾ ഇരുചക്രവാഹനത്തിലെ ഇന്ധനം തീർന്നു. പെട്രോൾ വാങ്ങി വരാൻ മറ്റൊരു സുഹൃത്തിനെ ഏർപ്പാട് ചെയ്ത് കാത്തുനിൽക്കെ ബൈക്കിലെത്തിയ രണ്ടുപേർ അസഭ്യം പറഞ്ഞ് നീയെന്താടാ ഇവിടെ നിൽക്കുന്നതെന്നും മോഷണത്തിന് തയാറെടുത്താണോ വന്നതെന്നും ചോദിച്ചു. താനാരാടാ ഇത് ചോദിക്കാൻ എന്ന് റിജ്നാസ് തിരിച്ച് ചോദിച്ചപ്പോൾ ബൈക്ക് ഓടിച്ചിരുന്നയാൾ മുഖത്ത് മർദിക്കുകയും രണ്ടാമൻ പോക്കറ്റിൽ നിന്ന് വിലങ്ങെടുത്ത് കൈയിൽ അണിയിക്കുകയും ചെയ്തു. തുടർന്ന് രണ്ടുപേരും ചേർന്ന് മർദിച്ചു. ആളുകൂടുകയും ഈസ്റ്റ് പൊലീസ് വാഹനം എത്തുകയും ചെയ്തതോടെ മർദ്ദിച്ച രണ്ടുപേരും കടന്ന്കളഞ്ഞു. ഈസ്റ്റ് പൊലീസ് റിജ്നാസിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പുലർച്ചെ 3.30ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് റിജ്നാസിനെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ക്വാഡിൽ പ്രവർത്തിക്കുന്ന ഈസ്റ്റ് സ്റ്റേഷനിലെ ഷെഫീക്ക്, അനു എന്നീ പൊലീസുകാരാണ് തന്നെ മർദിച്ചതെന്ന് കാട്ടി റിജ്നാസ് ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി, സിറ്റി പൊലീസ് കമീഷണർ, എ.സി.പി, ഈസ്റ്റ് എസ്.എച്ച്.ഒ എന്നിവർക്ക് പരാതി നൽകി.
കോൺഗ്രസ് നേതാക്കളായ സൂരജ് രവി, എ.കെ. ഹഫീസ്, ഡി. ഗീതാകൃഷ്ണൻ, ആർ. രമണൻ, ടി.എം. ഇക്ബാൽ, കെ.എം. റഷീദ്, റിജ്നാസിന്റെ പിതാവ് എസ്. നാസറുദ്ദീൻ എന്നിവർ സിറ്റി പൊലീസ് കമീഷണറെ നേരിൽ കണ്ട് പരാതി നൽകി.
മാതൃകപരമായി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാത്ത പക്ഷം കോൺഗ്രസ് ശക്തമായ സമരപരിപാടികൾ അസൂത്രണം ചെയ്യുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.