കൊല്ലം: കോവിഡിന്റെ രണ്ടാം വരവ് പൊതുഗതാഗത സംവിധാനത്തെയും ഗുരുതരമായി ബാധിച്ചു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സർവിസുകളിൽ അധികവും നഷ്ടത്തിലോടുകയാണ്. ബസുകളിൽനിന്നുള്ള യാത്ര പാടില്ലെന്ന ഉത്തരവ് വന്നതോടെ സ്വകാര്യബസുകളാണ് കൂടുതലും പ്രതിസന്ധിയിലായത്.
ആളുകളെ നിർത്തിക്കൊണ്ടു സർവിസ് നടത്തിയപ്പോഴും വലിയ നേട്ടമുണ്ടാകാതിരുന്ന മേഖലയെ കൂടുതൽ നഷ്ടത്തിലേക്കാണ് പുതിയ നിയന്ത്രണങ്ങൾ എത്തിച്ചത്. സർവിസ് നിന്നുപോയാൽ തിരിച്ചുവരുന്നത് അസാധ്യമാണെന്ന ചിന്തയിലാണ് മിക്ക സ്വകാര്യ ബസ് ഉടമകളും നിലവിൽ സർവിസ് നടത്താൻ നിർബന്ധിതായിരിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ നടക്കുന്നതിനാൽ നഷ്ടമായാലും സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ഓട്ടം നിർത്തിവെക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു.
ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നതിന് വിലക്കിയതോടെ ദിവസവരുമാനത്തിൽ 1000-2000 രൂപ വരെയാണ് കുറവുണ്ടായത്. തിരക്ക് കൂടുതലുള്ള രാവിലെയും വൈകുന്നേരവും പരിമിതമായ യാത്രക്കാരാണുള്ളത്. ഡീസൽ വില വർധനയും പ്രതിസന്ധി രൂക്ഷമാക്കി. ദിവസവും 50 മുതൽ 100 ലിറ്റർവരെ ഡീസലാണ് ബസുകൾക്ക് ആവശ്യമായി വരുന്നത്.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 20 രൂപ ഡീസൽ വിലയിൽ വർധിച്ചു. ആയിരത്തിലധികം സ്വകാര്യ ബസുകളാണ് ജില്ലയിലുള്ളത്. ഇതിൽ 80 ശതമാനം ബസുകളും ലോക്ഡൗണിനുശേഷം സർവിസ് തുടങ്ങിയിരുന്നു. നിയന്ത്രണം ഉണ്ടായിരുന്നതിനാൽ 50 ശതമാനം യാത്രക്കാരെ മാത്രമേ ആദ്യം അനുവദിച്ചിരുന്നുള്ളൂ. നിയന്ത്രണം വീണ്ടും വന്നതോടെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവിസ് നടത്താനാകാതെ പ്രതിസന്ധിയിലാണ് ബസുടമകൾ.
ഇപ്പോഴത്തെ വരുമാനം ബസുകളുടെ ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം എന്നിവക്കുപോലും തികയുന്നില്ല. 50 ശതമാനം നിരക്ക് വർധന പുനഃസ്ഥാപിക്കുക, വിദ്യാർഥികൾക്കുള്ള കൺസഷൻ പിൻവലിക്കുക, നിന്നുള്ള യാത്ര അനുവദിക്കുക, നിയന്ത്രണം പാലിക്കാതെ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയതായി ലോറൻസ് ബാബു പറഞ്ഞു.
കെ.എസ്.ആർ.ടി.സി സർവിസുകളിലും പഴയതുപോലെ യാത്രക്കാരില്ലാത്തത് ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ ഇടയായിട്ടുണ്ട്. മിക്ക ഡിപ്പോകളിലും തിരക്കുള്ള സമയങ്ങളിൽപോലും ആളില്ലാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.