മാലിന്യമുക്ത നവകേരളം ജില്ലതല പ്രഖ്യാപനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: മാലിന്യമുക്തിയിൽ ജില്ല ലക്ഷ്യപൂർത്തീകരണം നടത്തിയതായി പ്രഖ്യാപനം. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമായി ജില്ലതലത്തിൽ മാലിന്യമുക്തി പദവി സ്വന്തമാക്കിയെന്ന പ്രഖ്യാപനം മന്ത്രി ജെ. ചിഞ്ചുറാണി നടത്തി. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ബയോ മൈനിങ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യം നീക്കി നിര്‍മാര്‍ജനത്തില്‍ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. കാലങ്ങളായി നിലനിന്നിരുന്ന വലിച്ചെറിയല്‍ സംസ്കാരത്തിനാണ് ഹരിതകര്‍മ സേന പ്രവര്‍ത്തനങ്ങളിലൂടെ മാറ്റംവന്നത്. മാലിന്യമുക്ത നവകേരളം കാമ്പയിനിലൂടെയും ജനകീയ ഇടപെടലുകള്‍ വഴിയുമാണ് ലക്ഷ്യം സാക്ഷാത്കരിച്ചതെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപന തലത്തിൽ മാലിന്യമുക്ത പ്രഖ്യാപനം കഴിഞ്ഞ ആഴ്ചയിൽ പൂർത്തിയായിരുന്നു. മാലിന്യമുക്ത പ്രവർത്തനത്തിൽ മികവ് കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പുരസ്കാരം വിതരണം ചെയ്തു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എം.പി, എം. മുകേഷ് എം.എല്‍.എ, മേയര്‍ ഹണി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, കലക്ടര്‍ എന്‍. ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, നവകേരള കര്‍മപദ്ധതി ജില്ല കോഓഡിനേറ്റര്‍ എസ്. ഐസക് എന്നിവര്‍ പങ്കെടുത്തു.
2024 ഒക്ടോബര്‍ രണ്ട് മുതല്‍ കഴിഞ്ഞ മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനം വരെയാണ് ബൃഹത്തായ ‘മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്’ പ്രവര്‍ത്തനങ്ങള്‍ ജില്ലയിൽ നടന്നത്. മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കാര്യമായ പുരോഗതി കൈവരിക്കാനായി.
പ്ലാസ്റ്റിക് മാലിന്യം വാതില്‍പ്പടി ശേഖരണത്തില്‍ 100 ശതമാനവും യൂസര്‍ഫീ കളക്ഷനില്‍ 84 ശതമാനവും കൈവരിച്ചു. മിനി എം.സി.എഫ് -1856, എം.സി.എഫ് -100, ആര്.ആര്.എഫ് -14, സ്ഥാപന ജൈവമാലിന്യ സംസ്കരണ സംവിധാനം -683, ഗാര്‍ഹിക ജൈവ മാലിന്യ സംസ്കരണ സംവിധാനം -114903, സാനിറ്ററി മാലിന്യ സംസ്കരണ സംവിധാനം -79, സ്പെഷല്‍ വേസ്റ്റ് സംസ്കരണ സംവിധാനം -21, മാലിന്യം കൈകാര്യം ചെയ്യുന്ന വാഹനം -86, സ്ഥാപിച്ച ബിന്നുകള്‍ -109365 എണ്ണം, സ്ഥാപിച്ച ബോട്ടില്‍ ബൂത്ത് -500, ഹരിതകര്‍മസേന -3093 എന്നിങ്ങനെയാണ് നിലവിൽ ജില്ലയിലെ സ്ഥിതി. 10,000 മുതല്‍ 25,000 രൂപ വരെയാണ് തദ്ദേശസ്ഥാപനങ്ങളിൽ ഹരിതകര്‍മ സേനയുടെ ശരാശരി മാസവരുമാനം.
അഞ്ച് ഘട്ടങ്ങളിലായി നടത്തിയ കാമ്പയിന് പ്രവര്‍ത്തനത്തിന്റെ ഫലമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും കലാലയങ്ങളും സ്ഥാപനങ്ങളും ഹരിത വിദ്യാലയം, ഹരിത കലാലയം, ഹരിത സ്ഥാപനങ്ങളായി മാറ്റാന്‍ സാധിച്ചു. ജില്ലയിലെ 20 വിനോദ സഞ്ചാര / തീർഥാടന കേന്ദ്രങ്ങളും എല്ലാ അയല്‍ക്കൂട്ടങ്ങളും ഹരിത വിനോദ സഞ്ചാരകേന്ദ്രം, ഹരിത അയല്‍ക്കൂട്ടം പദവി കൈവരിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന കവലകളും പൊതു സ്ഥലങ്ങളും വലിച്ചെറിയല്‍ മുക്തമാക്കി ശുചിത്വം ഉറപ്പാക്കി ബിന്നുകള്‍ സ്ഥാപിച്ച് സൗന്ദര്യവത്കരിക്കാനും കാമ്പയിനിലൂടെ സാധിച്ചു.
ശുചിമുറി മാലിന്യ സംസ്കരണത്തിനായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ സംസ്കരണ യൂനിറ്റ് വാങ്ങുന്നതിനുള്ള പദ്ധതിക്ക് ജില്ല ആസൂത്രണസമിതി അംഗീകാരം ലഭിച്ചു. ഒരു യൂനിറ്റിനുള്ള അടങ്കല്‍തുക 50 ലക്ഷം രൂപയാണ്. ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി.
സാനിട്ടറി മാലിന്യം സംസ്കരിക്കുന്നതിനായി ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററുകള്‍, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, എഫ്.എസ്.ടി.പി എന്നിവ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു.
കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്ത് വിജയിപ്പിച്ച 11 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും അവാര്‍ഡ് കൈമാറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.