കൊല്ലം: ഡോ. വന്ദനാ ദാസ് വധക്കേസിലെ പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന് ജൂലൈ 17ന് കോടതിയിൽ നേരിട്ട് ഹാജരാക്കാൻ കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു.
പ്രതിക്കെതിരെ കൊലപാതകം, വധശ്രമം അടക്കം വകുപ്പുകൾ നിലനിൽക്കുമെന്ന് പ്രതിയുടെ വിടുതൽ ഹരജി തള്ളി നേരത്തേ കോടതി കണ്ടെത്തിയിരുന്നു.
ഇതിനെതിരെ പ്രതി ഹൈകോടതി സ്റ്റേ നേടിയിരുന്നെങ്കിലും കേസിൽ വിശദമായ വാദം കേട്ട ഹൈകോടതി വിടുതൽ ഹരജി തള്ളിയ സെഷൻസ് കോടതി ഉത്തരവ് കഴിഞ്ഞദിവസം ശരിവെക്കുകയായിരുന്നു.
എന്നാൽ, ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതി ഉദ്ദേശിക്കുന്നതിനാൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കം നടപടികൾ മാറ്റിവെക്കണമെന്ന് പ്രതിഭാഗം വെള്ളിയാഴ്ച കൊല്ലം സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടു.
ഹൈകോടതി സ്റ്റേ ഒഴിവായതിനാൽ പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കി കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിന് തടസ്സമില്ലെന്ന് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിയെ 17ന് കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ജഡ്ജി ഉത്തരവിടുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.