കൊല്ലം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ‘പ്രതിഭാതീരം’ പദ്ധതി യാഥാർഥ്യമാകാൻ ഒരുങ്ങുന്നു. തീരത്തെ കുട്ടികൾക്കായി മേഖലയിലെ വായനശാലകളിൽ ആധുനിക പഠനസൗകര്യങ്ങളുള്ള ഇ-ലേണിങ് കേന്ദ്രം ഒരുക്കുന്ന പദ്ധതിക്കായുള്ള അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി.
ഒരു കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങിയതോടെ മേഖല പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തീരമേഖലകളിലെ 75 വായനശാലകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി വായനശാലയൊന്നിന് 1,34,450 രൂപ എന്ന കണക്കിൽ ആകെ 1,00, 83,750 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
തീരപ്രദേശത്തെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സമഗ്ര വ്യക്തിത്വവികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പ്രതിഭാതീരം. വായനശാലകളെ പഠനവീടുകളാക്കി പ്രാദേശികമായി അയൽപക്ക പഠനകൂട്ടായ്മ സൃഷ്ടിച്ച് സ്കൂളിന് പുറത്ത് കുട്ടികൾക്ക് ഇരുന്ന് പഠിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ ലഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമാണ് പദ്ധതി. ലൈബ്രറികളിൽ ലാപ്ടോപ്, പ്രൊജക്ടർ, യു.എസ്.ബി സ്പീക്കർ, പ്രൊജക്ടർ സീലിങ് മൗണ്ടിങ് കിറ്റ്, പ്രൊജക്ടർ സ്ക്രീൻ, സ്മാർട്ട് ടി.വി, ടെസ്ക്ടോപ് കമ്പ്യൂട്ടർ, ലേസർ പ്രിന്റർ എന്നീ ഉപകരണങ്ങൾ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. 2019ൽ ആണ് ഫിഷറീസ് വകുപ്പിന് കീഴിൽ പദ്ധതിക്ക് ചിറകുമുളച്ചത്.
സംസ്ഥാന ലൈബ്രറി കൗൺസിൽ മുഖേന നടപ്പിലാക്കാനും തീരദേശ വികസന കോർപറേഷൻ വഴി ഉപകരണങ്ങൾ വാങ്ങിനൽകാനുമായിരുന്നു പദ്ധതി. ഇതിനായി ജില്ലകളിൽ നിന്ന് വായനശാലകളുടെ പട്ടിക വാങ്ങിനൽകാൻ സംസ്ഥാന ലൈബ്രറി കൗൺസിലിന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിരുന്നു.
ജില്ല ലൈബ്രറി കൗൺസിലുകൾ 2019 സെപ്റ്റംബറോടെ തന്നെ പട്ടികയും കൈമാറി. എന്നാൽ, അതിന് ശേഷം നടപടിയില്ലാതെ പദ്ധതി വിസ്മൃതിയിലായി. ഓരോ ലൈബ്രറിക്കും 1.4 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ 1.06 കോടി രൂപയുടെ ഭരണാനുമതി ആയതായി 2021 ഒക്ടോബർ ആറിന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു. എന്നാൽ, പ്രവർത്തിയിൽ വന്നില്ല.
വർഷങ്ങളുടെ ഇടവേളക്ക് ശേഷം പദ്ധതിക്ക് ജീവൻ വച്ചത് കഴിഞ്ഞ മാസമാണ്. 1.33 കോടി രൂപയുടെ പ്രതിഭാതീരം പദ്ധതിയുടെ നിർദേശവുമായി എത്തിയ ഫിഷറീസ് ഡയറക്ടറുടെ കത്ത് പരിഗണിച്ച വകുപ്പ് വർക്കിങ് ഗ്രൂപ്പ് യോഗം 43,900 രൂപയുടെ ലാപ്ടോപ് ഒഴിവാക്കി മറ്റ് പദ്ധതി നടപ്പാക്കാൻ അനുമതി നൽകാൻ ശിപാർശ ചെയ്യുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഒരു കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായത്.
ജില്ലയിൽ ഏഴ് വായനശാലകൾ
കൊല്ലം ജില്ലയിൽ നിന്ന് ഏഴ് വായനശാലകളെയാണ് പ്രതിഭാതീരം പദ്ധതിയിൽ ഉൾപ്പെടുത്താൻ ജില്ല ലൈബ്രറി കൗൺസിൽ തെരഞ്ഞെടുത്ത് സംസ്ഥാനത്തേക്ക് ശിപാർശ ചെയ്തത്.
കൊല്ലം താലൂക്കിൽ തങ്കശേരി കൈക്കുളങ്ങര വെസ്റ്റിൽ സി.വൈ.എം.എസ് ലൈബ്രറി, തങ്കശേരി ഗാന്ധിസേവ സംഘം ലൈബ്രറി എന്നിവയും കരുനാഗപ്പള്ളി താലൂക്കിൽ ചെറിയഴീക്കൽ വിജ്ഞാനസന്ദായിനി ലൈബ്രറി, വെള്ളനാതുരുത്ത് ഫ്രീഡം ലൈബ്രറി, പണ്ടാരതുരുത്ത് പ്രബോധിനി ലൈബ്രറി, അഴീക്കൽ കെ. കൃഷ്ണൻകുട്ടി മെമോറിയൽ ലൈബ്രറി, പറയകടവ് മഹാത്മജി സ്മാരക ലൈബ്രറി എന്നിവയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ പട്ടിക 2019ൽ തന്നെ സംസ്ഥാനത്തേക്ക് ജില്ല ലൈബ്രറി കൗൺസിൽ കൈമാറിയിരുന്നു. എന്നാൽ, പിന്നീട് സർക്കാരിന്റെ ഭാഗത്ത്നിന്ന് അറിയിപ്പ് വന്നില്ല. സംസ്ഥാന ലൈബ്രറി കൗൺസിലിനും പദ്ധതിയെ കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും പദ്ധതി നടപ്പിലാക്കാൻ ലൈബ്രറി കൗൺസിലിന്റെ തന്നെ സഹായം തേടേണ്ടിവരും.
എന്നാൽ, ഇപ്പോൾ വീണ്ടും സർക്കാർ ഭരണാനുമതി നൽകിയ വിവരവും സംസ്ഥാന ലൈബ്രറി കൗൺസിൽ അധികൃതരെ പോലും അറിയിച്ചിട്ടില്ല. പുതിയ അനുമതിയുടെ പശ്ചാത്തലത്തിൽ, മുമ്പ് ശിപാർശ ചെയ്ത വായനശാലകളെ തന്നെ തെരഞ്ഞെടുക്കുമോ വീണ്ടും പട്ടിക നൽകേണ്ടിവരുമോ എന്നതുൾപ്പെടെ കാര്യങ്ങളിലും വ്യക്തതയില്ല. പദ്ധതി നടപ്പിലാക്കുന്നതിനായി ഫിഷറീസ് വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത്തവണയും പദ്ധതി നടപ്പാകാതെ പോകാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.