കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം മണ്ഡലത്തിലെ വൊട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി. നാലിന് കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് വൊട്ടെണ്ണൽ. ഇ.വി.എം മെഷീനുകളും പോസ്റ്റൽ ബാലറ്റുകളും വൊട്ടെണ്ണൽ കേന്ദ്രത്തിൽ ഇലക്ഷൻ കമ്മീഷൻ മാനദണ്ഡങ്ങൾ പാലിച്ച് പൊലീസ് ബന്തവസ്സിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൗണ്ടിങ്ങ് ഹാളുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തിലാണന്ന് ജില്ല വരണാധികാരിയായ കലക്ടർ എൻ. ദേവീദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയുടെ നിരീക്ഷണത്തിനായി രണ്ട് നിരീക്ഷകരെ ഇലക്ഷൻ കമീഷൻ നിയമിച്ചിട്ടുണ്ട്. കൊല്ലം മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ സജ്ജീകരിച്ച ഏഴ് കൗണ്ടിങ്ങ് ഹാളുകളിൽ രാവിലെ എട്ടു മുതൽ ആരംഭിക്കും.
പോസ്റ്റൽ ബാലറ്റുകൾ, വരണാധികാരിയുടെ മേൽനോട്ടത്തിൽ പ്രത്യേകം ക്രമീകരിച്ച ഹാളിൽ എണ്ണും. ഇ.വി.എം കൗണ്ടിങ്ങിനായി ഓരോ ഹാളിലും 14 ടേബിളുകളും പോസ്റ്റൽ ബാലറ്റ് കൗണ്ടിങ്ങിനായി 33 ടേബിളുകളും ക്രമീകരിച്ചിട്ടുണ്ട്. പരമാവധി 14 റൗണ്ടിൽ കൗണ്ടിങ്ങ് പൂർത്തിയാക്കും.
വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചിത മണിക്കൂർ വരെ ലഭിച്ച എല്ലാ പോസ്റ്റൽ ബാലറ്റുകളും എണ്ണും. വോട്ടെണ്ണലിനായി 1300ൽ പരം ഉദ്യോഗസ്ഥരെ നിയമിച്ച് ആവശ്യമായ പരിശീലനങ്ങൾ നൽകി. വോട്ടെണ്ണൽ ഏജന്റുമാരെ നിയമിക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നു.
കൗണ്ടിങ്ങിന് ശേഷം ഒരോ നിയമസഭാ മണ്ഡലങ്ങളിലേയും നറുക്കിട്ടെടുത്ത അഞ്ച് പോളിങ്ങ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകളും പ്രത്യേകം എണ്ണും. സുരക്ഷ ആവശ്യത്തിനായി ത്രീ ടയർ കോർഡനിങ് സിസ്റ്റം ഉണ്ടാകും. പുറത്ത് പരിശോധനക്കായി ലോക്കൽ പൊലീസിനോപ്പം ഒരു മജിസ്ട്രേറ്റ് ഉണ്ടാകും.
കൗണ്ടിങ് പരിസരം കാമ്പസിന് ചുറ്റുമുള്ള 100 മീറ്റർ ചുറ്റളവിൽ നിന്ന് സുരക്ഷാവലയത്തിന്റെ ഒന്നാംനിര ആരംഭിക്കും. ഈ പരിധിക്കുള്ളിൽ വാഹനങ്ങൾ അനുവദിക്കില്ല. ഈ അതിർത്തിയിൽ ബാരിക്കേഡിങ് ഉണ്ടാകും. അധികൃതർ നൽകിയ ഫോട്ടോ ഐഡി കാർഡോ മീഡിയ പാസോ ഇല്ലാത്ത ആരെയും ഈ മേഖല കടന്നുപോകാൻ അനുവദിക്കില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രവേശനം നിയന്ത്രിക്കാനും പ്രവേശന കവാടത്തിൽ ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ നിയമിക്കും.
മൊബൈൽ, ഐ-പാഡ്, ലാപ്ടോപ്പ് എന്നിവയും ഇലക്ട്രോണിക് ഉപകരണങ്ങളോ കൗണ്ടിങ്ങ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. മീഡിയ മൊബൈൽ ഫോണുകളോ മറ്റോ ആശയവിനിമയ ഉപകരണങ്ങളോ നിയുക്ത മുറികളിൽ നിന്ന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. കൗണ്ടിങ് ഹാളിന്റെ വാതിൽ ഭാഗം കേന്ദ്ര സായുധ പൊലീസ് സേന ആയിരിക്കും നിയന്ത്രിക്കുക.
വോട്ടെണ്ണലിന് ശേഷം വോട്ടിങ്ങ് മെഷിനുകളും അനുബന്ധരേഖകളും ഇലക്ഷൻ കമ്മീഷൻ മാർഗനിർദേശങ്ങൾ അനുസരിച്ച് നിഷ്കർഷിച്ചിട്ടുള്ള ട്രഷറി സ്ട്രോങ്ങ് റൂമുകളിലും വെയർ ഹൗസിലും സീൽ ചെയ്ത് സൂക്ഷിക്കും. വോട്ടെണ്ണലിന്റെ ഫലപ്രഖ്യാപനം ഓരോ റൗണ്ടിനും പ്രസിദ്ധപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക വീക്ഷിക്കുന്നതിന് ഡിസ് പ്ലേ ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളും എർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.