കുളത്തൂപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴില്‍ കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയിലെ റബര്‍ മരങ്ങൾ മുറിച്ചു നീക്കാനുള്ള നടപടി അനധികൃതമെന്നാരോപിച്ച് ആര്.പി.എല്‍ അധികൃതര്‍ തടഞ്ഞു. സംഭവത്തില്‍ ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ക്കെതിരെ കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്കി.
കുളത്തൂപ്പുഴ നെടുവണ്ണൂര്‍കടവില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന 10 ഏക്കര്‍ ഭൂമിയാണ് മൂന്നുഘട്ടങ്ങളിലായി മത്സ്യ വിത്തുൽപാദന കേന്ദ്രം നിർമിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിനുനല്കിയത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഇറിഗേഷന്‍, ഫിഷറീസ്, വനം വകുപ്പുകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മത്സ്യവിത്തുല്പാദന കേന്ദ്രത്തിനു അനുവദിച്ച ഭൂമി സർവേ ചെയ്തു അതിര്‍ത്തി നിർണയം നടത്തി കല്ലിട്ടു. ആ സമയത്ത് ഇറിഗേഷന്‍ വകുപ്പിന്റെ ഭൂമിയില്‍ കുറച്ചുഭാഗം ആര്.പി.എല്‍ കൈവശപ്പെടുത്തി റബര്‍ തൈകള്‍വെച്ചു പിടിപ്പിച്ച് ടാപ്പിങ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുത്ത് ഫിഷറീസ് വകുപ്പ് ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്നാംഘട്ട നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത ബാക്കി ഭൂമിയിലെ മരങ്ങള്‍ മുറിക്കാനുള്ള കരാര്‍ നല്കി പ്രവൃത്തി ആരംഭിച്ചപ്പോഴാണ് അനധികൃത മരം മുറിയാണെന്നാരോപിച്ച് ആര്.പി.എല്‍ അധികൃതര്‍ തടഞ്ഞത്. പാട്ടഭൂമിയിലെ മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് ആര്.പി.എല്‍ അധികൃതരോ വനം വകുപ്പോ അനുമതി നല്‍കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, വകുപ്പുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരം ഫിഷറീസ് വകുപ്പിന് വിട്ടുകിട്ടിയ സ്ഥലത്ത് പ്രവൃത്തികള്‍ നടത്തുന്നതിനായി സര്‍ക്കാര്‍ അനുമതിയോടെയാണ് മരം മുറിച്ചുനീക്കാന്‍ കരാര്‍ നല്‍കിയതെന്നും മരങ്ങള്‍ നീക്കം ചെയ്യാതെ നിർമാണം സാധ്യമല്ലെന്നും ഫിഷറീസ് വകുപ്പ് മത്സ്യഭവന് കൊല്ലം ഓഫിസ് മാനേജര്‍ സോഫിജി പറഞ്ഞു.
വനം വകുപ്പില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ വര്‍ഷങ്ങളായി ടാപ്പിങ് നടത്തിയിരുന്ന റബര്‍ മരങ്ങള്‍ അനുമതിയില്ലാതെയാണ് മുറിച്ചതെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആര്.പി.എല്‍ കുളത്തൂപ്പുഴ എസ്റ്റേറ്റ് മാനേജർ ജയപ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.