ശാസ്താംകോട്ട: ഒരു കിലോക്ക് രണ്ടര ലക്ഷം രൂപയിലധികം വില ലഭിക്കുമെന്നവകാശപ്പെടുന്ന ജാപ്പനീസ് മീയാസാക്കി മാമ്പഴം മൈനാഗപ്പള്ളിയും വിളഞ്ഞ് പാകമാകുന്നു. പൊതുപ്രവർത്തകനും കോൺഗ്രസ് (എസ്) ജില്ല പ്രസിഡന്റുമായ വേങ്ങയിൽ ഷംസിന്റെ വീട്ടിലാണ് മാമ്പഴം പിടിച്ചത്. ബംഗളൂരുവിലെ ചില മാമ്പഴ തോട്ടത്തിൽ വളർത്തുനായ്ക്കളുടെയും സുരക്ഷ ജോലിക്കാരുടെയും സംരക്ഷണയിൽ ജാപ്പനീസ് മീയാസാക്കി മാമ്പഴങ്ങളെ സംരക്ഷിക്കുന്ന നിറം പിടിച്ച വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച മാങ്ങ എന്നാണ് ജപ്പാൻ സ്വദേശമായ മീയാസാക്കി അറിയപ്പെടുന്നത്. ഇങ്ങനെ ലഭിച്ച അറിവിൽ നിന്നാണ് ഇത്തരമൊരു മാവ് വച്ച് പിടിപ്പിക്കണമെന്ന ആഗ്രഹം ഇദ്ദേഹത്തിന്റെ മനസിൽ ഉദിച്ചത്. പിന്നീട് മാവിൻ തൈ എവിടെ നിന്ന് കിട്ടുമെന്ന അന്വേഷണമായി. അന്വേഷണത്തിനൊടുവിൽ മുന്തിയ ഇനം മാവിൻ തൈകൾ ഇറക്കുമതി ചെയ്ത് നൽകുന്ന ഒരു സുഹൃത്തിനെ കുറിച്ച് മനസിലാക്കി. ഇദ്ദേഹം വഴി കൊൽക്കത്തയിൽ നിന്നും വലിയ വില കൊടുത്ത് മാവിൻ തൈ എത്തിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്താണ് തൈ നട്ടത്. കൃത്യമായ പരിചരണത്തിലൂടെ മാവ് വളരുകയും ഈ സീസണിൽ പൂവിട്ട് കായ്ക്കുകയും ചെയ്തു.
നാല് മാങ്ങകൾ ആണ് പിടിച്ചത്. വ്യത്യസ്ത വളർച്ചയിലാണ് ( വിളവിലാണ് ) മാങ്ങകൾ. ഇവിടെ എത്ര വില കിട്ടുമെന്ന് അറിയില്ലങ്കിലും തത്ക്കാലം മാങ്ങ വിൽക്കാൻ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല. സ്വന്തമായി ഉപയോഗിക്കാനാണ് തീരുമാനം. ഇതിനോടൊപ്പം കളപ്പാടി, കൊളമ്പ് തുടങ്ങിയ മുന്തിയ ഇനം മാവുകളിലും നിറയെ മാങ്ങ പിടിച്ചിട്ടുണ്ട്. ഇതും കഴിഞ്ഞ വർഷം നട്ടതാണ്. കേസരി, ബനാന മാംഗോ , നാം ഡോക്ക്, വിയറ്റ്നാം ആൾ സീസൺ എന്നീ മാവുകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. നമ്മളുടെ തനത് ഇനങ്ങളും അന്യംനിന്ന് പോകുന്നതുമായ കർപ്പൂരം, മൈ ലാപ്പ്, നീലം, നാട്ടുമാവ് തുടങ്ങിയ എല്ലാ മാവുകളും ഇദ്ദേഹം നട്ട് പരിപാലിച്ച് വരുന്നു. ഭാവിയിൽ പക്ഷികൾക്കും മറ്റും ആഹാരമാകട്ടെ എന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലെന്ന് വേങ്ങയിൽ ഷംസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.