കരുനാഗപ്പള്ളി: സൂനാമിത്തിരകൾ സംഹാരതാണ്ഡവമാടിയ കടലിന് 30 മീറ്റർ മാത്രം അകലെ ചെറിയഴീക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂളും പരാധീനതകൾക്ക് നടുവിലായിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ ആശാകേന്ദ്രമായ ഈ വിദ്യാലയങ്ങൾ അടിസ്ഥാനസൗകര്യ ദൗർലഭ്യത്താൽ ഏറെ ബുദ്ധിമുട്ടുകയാണ്.
പുതിയ കെട്ടിടവും കളിസ്ഥലവും ഇല്ലാത്തതാണ് വലിയ പോരായ്മ. നിരവധി കായിക പ്രതിഭകളെ സംഭാവന ചെയ്ത സ്കൂളിൽ പരിശീലനസൗകര്യം ഇല്ല. ഒരുപക്ഷേ ഹൈ ടെക് ക്ലാസ് മുറികൾ ഇല്ലാത്ത സംസ്ഥാനത്തെ ഏക സ്കൂളായിരിക്കും ഇതെന്ന് അധ്യാപകർ പരാതിപ്പെടുന്നു. പഴകിയ കെട്ടിടങ്ങൾ ആധുനികരീതിക്ക് യോജിച്ചതല്ലാത്തതാണ് സ്കൂളിനെ സ്മാർട്ടാകുന്നതിൽനിന്ന് പിറകോട്ടുവലിക്കുന്നത്. ഓഡിറ്റോറിയമാകട്ടെ കാറ്റില്‍ തകര്ന്നുവീണുകൊണ്ടിരിക്കുകയുമാണ്.
76 വർഷം മുമ്പ് പണിത പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് ഇപ്പോഴും ഹൈസ്കൂൾ ക്ലാസുകൾ. അഞ്ച് മുതൽ 10 വരെ 232 കുട്ടികളുമായി കഴിഞ്ഞ 10 വര്‍ഷമായി 100 ശതമാനം വിജയം വരിച്ച സ്കൂളിൽ 18 ഓളം അധ്യാപക, അനധ്യാപകർ സേവനത്തിലുണ്ട്. നാമമാത്രമായ പ്രൊജക്ടറുകൾ മൗണ്ട് ചെയ്യാത്തതിനാൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നിെല്ലന്ന് പ്രഥമാധ്യാപകന് സുരേഷും സീനിയര്‍ അധ്യാപിക ഷിജിയും പറഞ്ഞു.
മത്സ്യവിപണന കയറ്റുമതി മേഖലകളിൽ നിരവധി തൊഴിൽ സാധ്യതയുള്ള ഫിഷറീസ് വിഷയങ്ങൾ മാത്രം പഠിപ്പിക്കുന്ന ഹയർ സെക്കൻഡറി സ്കൂളും ഇതേ കോമ്പൗണ്ടിൽ തന്നെയാണ്. ഏറെ പഴക്കം ചെന്ന പരിമിതമായ ക്ലാസ്മുറികളാണ് ഇവിടെയും. പ്രവർത്തനക്ഷമമല്ല എന്ന് എൻജിനീയറിങ് വിഭാഗം കണ്ടെത്തിയ സ്കൂൾകെട്ടിടം പൊളിച്ചിട്ട് നാളുകളേറെയായി.
പുതിയ കെട്ടിടത്തിന് അംഗീകാരമോ ടെക്നിക്കൽ അനുമതിയോ ഇതുവരെ ലഭിച്ചിട്ടില്ല. പ്ലസ് വൺ-പ്ലസ് ടു ക്ലാസുകളിലായി 240 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പഴയ കെട്ടിടത്തിലെ പോരായ്മകൾക്കിടയിലാണ് അധ്യാപനം.
കടൽവിഭവങ്ങളുടെ സംസ്കരണവും വിപണനവും തുടങ്ങി ഏറെ പ്രയോജനകരമായ വിഷയങ്ങൾ സെക്കൻഡറി തലത്തിൽ പഠിപ്പിക്കുന്ന ജില്ലയിലെ ഏക സ്കൂൾ കൂടിയാണിത്. അഞ്ചുവർഷം മുമ്പ് അൺഫിറ്റ് ആയ സ്കൂൾ കെട്ടിടത്തിന് പകരമായി പുതിയ കെട്ടിടം നാളിതുവരെയായി ലഭ്യമായിട്ടില്ല.
നീന്തൽതാരങ്ങളെയും ഫുട്ബാൾ പ്രതിഭകളെയും ശാസ്ത്രമത്സര വിജയികളെയും സ്കൂൾ സംഭാവന ചെയ്തിട്ടുള്ളതായി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.കെ. പ്രജി പറഞ്ഞു. കടലിൽ പണിയെടുക്കുന്നവരും കടലോരനിവാസികളുമായ നൂറുകണക്കിന് കുടുംബങ്ങള്‍ പ്രതീക്ഷയുടെ തിരിനാളമായി കാണുന്ന ഈ വിദ്യാലയങ്ങളില്തന്നെയാണ് അവരുടെ ഭാവിപ്രതീക്ഷയും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.