കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് ടെൻഡർ നടപടികളായി. പാർക്കിങ് ഏരിയ, വാഹനങ്ങൾക്ക് തിരിഞ്ഞു പോകാനുള്ള സർക്കുലേറ്റിങ് ഏരിയ, സ്റ്റേഷനിലേക്കുള്ള റോഡിന്റെ ടാറിങ് തുടങ്ങിയ പദ്ധതികൾക്കാണ് ടെൻഡർ നടപടികളായത്. നിലവിൽ സ്റ്റേഷനോട് ചേർന്നുള്ള പാർക്കിങ് ഏരിയ കാരണം പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് തിരിഞ്ഞുപോകാൻ അസൗകര്യം നേരിട്ടിരുന്നു.
നേരത്തേ റെയിൽവേ അധികൃതരോടൊപ്പം സ്റ്റേഷൻ സന്ദർശിച്ച എ.എം. ആരിഫ് എം.പി ഉൾപ്പെടെയുള്ളവർക്ക് യാത്രക്കാരും ജനപ്രതിനിധികളും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. എം.പിയും ജനറൽ മാനേജരുമായി നടത്തിയ ചർച്ചയെ തുടർന്ന് നിലവിലുള്ള പാർക്കിങ് ഏരിയ സൗകര്യപ്രദമായ മറ്റൊരുഭാഗത്തേക്ക് മാറ്റിസ്ഥാപിക്കാനും വാഹനങ്ങൾ വന്നു തിരിഞ്ഞുപോകാനുള്ള സർക്കുലേറ്റിങ് ഏരിയയായി ഇവിടം വികസിപ്പിക്കാനും പദ്ധതിയായത്.
റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തു നിന്നും എഫ്.സി.ഐക്ക് സമീപത്തുകൂടി നിലവിലുള്ള റോഡ് വീതികൂട്ടി ടാറിങ് നടത്തും. പുതിയ പാർക്കിങ് ഏരിയയും നിർമിക്കും. ജോലി ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നാണ് നിർദേശം. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ചേർന്ന യോഗത്തിൽ കരുനാഗപ്പള്ളിയിലെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ ലിഫ്റ്റ് സംവിധാനം നടപ്പിലാക്കുമെന്നും റെയിൽവേ അധികൃതർ എം.പിയെ അറിയിച്ചിരുന്നു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തേക്കുള്ള നടവഴി വൃത്തിയാക്കുന്നതും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതുമായ പ്രവൃത്തി നേരത്തെ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.