തഴവ കരുനാഗപ്പള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്
കരുനാഗപ്പള്ളി: തകർന്നുവീഴാറായ കെട്ടിടത്തിൽ അധ്യയനം നടത്തുകയാണ് തഴവയിലുള്ള കരുനാഗപ്പള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതര്‍. പി.ഡബ്ല്യു.ഡി എൻജിനീയറിങ് വിഭാഗം പ്രിന്‍സിപ്പലിന് നല്കിയ അപകട മുന്നറിയിപ്പ് ലംഘിച്ചാണിത്.
285 ഓളം കോളജ് വിദ്യാർഥികളാണ് ഭീതിയുടെ നിഴലിൽ കോളജിൽ പഠിക്കുന്നത്. കോളജ് കെട്ടിടം അധ്യയനത്തിന് അനുയോജ്യമല്ലെന്നുകാട്ടി പി.ഡബ്ല്യു.ഡി അസി.എക്സിക്യൂട്ടിവ് എൻജിനീയറും അസി.എൻജിനീയറും ചേർന്ന് നടത്തിയ പരിശോധന റിപ്പോർട്ടും അൺഫിറ്റ് സർട്ടിഫിക്കറ്റും കോളജ് പ്രിൻസിപ്പലിനും കെട്ടിട ഉടമക്കും നൽകിയെങ്കിലും നിയമങ്ങൾ കാറ്റിൽപറത്തി കെട്ടിടത്തിൽ ക്ലാസുകൾ തുടരുകയാണ്.
വിവരം അന്വേഷിച്ചെത്തിയ ‘മാധ്യമം’ ലേഖകനെതിരെ പ്രിൻസിപ്പല്‍ ഭീഷണി മുഴക്കുകയും അപമര്യാദയായി പെരുമാറുകയും കാമ്പസിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഫോണില്‍ വിവരം അന്വേഷിച്ചപ്പോൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോളജിൽ ലേഖകന്‍ നേരിട്ടെത്തിയത്. പൊളിഞ്ഞുവീഴാറായ മേൽക്കൂരയും വെള്ളം കയറുന്ന ക്ലാസ് മുറികളും നിറഞ്ഞുകവിഞ്ഞ ടോയ്ലറ്റുകളുമാണ് കോളജിലുള്ളതെന്ന് സോഷ്യോളജി വിദ്യാർഥിനി അഞ്ജന രാജു പറഞ്ഞു. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ തുടർന്ന് ദീർഘനാളത്തെ വിദ്യാർഥിസമരത്തിന് ശേഷം സ്ഥലം എം.എൽ.എയും കലക്ടറും നൽകിയ ഉറപ്പുപാലിക്കണമെന്ന് രണ്ടാംവർഷ ബി.എ വിദ്യാർഥിനി സുമയ്യ പറഞ്ഞു. കോളജ് ഫിറ്റ്നസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നുകാട്ടി ഉന്നത വിദ്യാഭ്യാസ അധികൃതർക്കും കലക്ടർക്കും പരാതികൾ നൽകിയിട്ടും പരിഹാരമില്ലെന്ന് മൂന്നാം വർഷ ബി.എ വിദ്യാർഥി സുഹാസും പരാതിപ്പെടുന്നു. കോളജിൽ ദീർഘനാളായി വിദ്യാർഥികൾ നടത്തിയ സമരം സി.ആർ. മഹേഷ് എം.എൽ.എ ഇടപെട്ട് നിർത്തിവെപ്പിക്കുകയും ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡിയിലേക്ക് കോളജ് മാറ്റാമെന്ന് ധാരണയാകുകയും കെട്ടിടം പണിയുന്നതിന് അനുമതി ലഭ്യമാക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ നിലവിലുള്ള കെട്ടിട ഉടമ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോളജ് മാറ്റം അനിശ്ചിതത്വത്തിലായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ടെന്നും അപകടസ്ഥിതിയിലുള്ള കെട്ടിടത്തില്‍നിന്ന് കോളജ് മാറ്റിസ്ഥാപിക്കാന്‍ വകുപ്പുതല നടപടി വേണമെന്നും സി.ആര്. മഹേഷ് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.