സരസ്വതിയമ്മ തോട്ടത്തിലെ നാഗവള്ളി ചെടിക്ക് മുന്നില്‍
കരുനാഗപ്പള്ളി : പച്ചപ്പുകള്‍ തേടി ജീവിത യാത്ര. പരിചിതമല്ലാത്ത സസ്യങ്ങളെ പറ്റി ഗവേഷണ കൗതുകത്തോടെ ആഴത്തില്‍ പഠനം. ഔഷധ മൂല്യമുള്ളതെന്ന് കണ്ടെത്തിയാല്‍ വീട്ടുവളപ്പില്‍ അവയെ നട്ടുവളര്‍ത്തി പരിപാലനം.
അന്യം നിന്നുപോകുന്ന നാട്ടു വൈദ്യത്തിനു ഇത് വഴി ജീവന് നല്‍കിയാണ് ചവറ പുതുക്കാട് കളീലില്‍ സരസ്വതി അമ്മ ഇക്കുറി വനമിത്ര അവാര്‍ഡ് നേടിയത്. വൈദ്യുതി ബോര്‍ഡിലെ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം നൂറുകണക്കിനു ഔഷധ സസ്യങ്ങൾ പരിപാലിക്കുകയാണ് സരസ്വതി അമ്മ.
പ്രകൃതിക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും ഉതകുന്ന രീതിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല അടിസ്ഥാനത്തില്‍ വനം വകുപ്പ് നല്കുന്ന 2024-25 വര്‍ഷത്തെ വനമിത്ര അവാര്‍ഡാണ് ഇവര്‍ സ്വന്തമാക്കിയത്.
മുത്തശിയുടെ നാട്ടുവൈദ്യമാണ് ഈ മേഖലയില്‍ തന്നെ എത്തിച്ചതെന്ന് സരസ്വതി അമ്മ പറയുന്നു.സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ മനസ്സില്‍ താലോലിച്ച സ്വപ്നപദ്ധതിയായിരുന്നു ഇത്. അപൂര്‍വ ശേഖരങ്ങളുടെ ഒരു കലവറയാണ് തന്റെ ഉദ്യാനത്തിലെ പ്രത്യേകത.
ആമവാതത്തിനും സര്‍വ്വ സര്‍പ്പ ദോഷങ്ങള്‍ക്കും വിഷത്തിനും പരിഹാരമായി വൈദ്യശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുള്ള നാഗവള്ളി എന്ന ചെടിയാണ് ഏറ്റവും ആകര്‍ഷകമായ അമൂല്യ ശേഖരം. ഇതിന്റെ വള്ളികള്‍ തന്നെ സര്പ്പങ്ങങ്ങളുടെ രൂപത്തില്‍ പിണഞ്ഞുകിടക്കുന്ന കാഴ്ച ഏറെ കൗതുകം ആണ്.
പ്രമേഹരോഗികള്‍ക്ക് ശമനം നൽകുന്ന മക്കോട്ടദേവ, പൊന്‍ കൊരണ്ടി, ഉദര രോഗങ്ങള്‍ക്കുള്ള കുടകപ്പാല, വേരിക്കൊസിനും ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ക്കും നല്കുന്ന ഞരമ്പോടല്‍ ചെടി, പേപ്പട്ടി വിഷതിനുള്ള അങ്കോലം, പ്രസിദ്ധമായ ശിവകുണ്ഡലം, ചെണ്ടക്കോല് നിര്‍മ്മിക്കുന്ന കായാമ്പു ആടുതീണ്ടാപ്പാല, നീർമാതളം, ജലസ്തംഭിനി, ഏഴിലയുള്ള മഹാകൂവളം, ശബരിമലയിൽ നിന്നുമുള്ള മരമഞ്ഞൾ, തൃശൂരിൽ നിന്നുള്ള കരിമഞ്ഞൾ, തൊടുപുഴയിൽ നിന്നുള്ള ദന്തപാല, ഇത്തി, കരിമൂർഖന്റെ വിഷത്തെ പ്രതിരോധിക്കുന്ന നാഗമൂലി, കമണ്ടലുമരം, കടുത്ത ചുമയെ വെല്ലുന്ന എശംഖ്, ഭൂതജടാമാഞ്ചി, പൂത്താൽ ദൂരെ മണം പരക്കുന്ന പാരിജാതം, ഹോമങ്ങളിലെ അവിഭാജ്യ ഘടകമായ സോമലത, കായിക താരങ്ങൾക്ക് ഊർജം പകരുന്ന ഞൊട്ട ഞാടിയൻ, കറിക്കൂട്ടിനുള്ള കായം, തുടങ്ങി മുന്നൂറില്‍ അധികം ഔഷധ സസ്യങ്ങളുടെ ശേഖരമാണ് വീടിനു ചുറ്റും വനത്തിനു സമാനം വെച്ചുപിടിപ്പിച്ചു പരിപാലിക്കുന്നത്.
ഒറ്റമൂലികള്‍, ഗോത്രചികിത്സ സസ്യങ്ങള്‍, വിശുദ്ധ സസ്യങ്ങള്‍ എന്നിങ്ങനെ വിവിധ ഇനങ്ങള്‍ പ്രത്യേക വിഭാഗങ്ങളായി നട്ടുവളര്‍ത്തുകയാണ് രീതി . ചെടികള്‍ക്ക് ആവശ്യമായ ജലം ലഭ്യമാക്കാന്‍ ഉതകുന്ന വലിയ മഴവെള്ള സംഭരണിയും തോട്ടത്തില്‍ ഒരുക്കിയിട്ടുണ്ട് എന്നതാണ് തോട്ടത്തിന്റെ മറ്റൊരു പ്രത്യേകത.
തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ഗൗരി പാര്‍വതി അടക്കം ഒട്ടേറെ വിശിഷ്ഠ വ്യക്തികള്‍ അപൂര്‍വ്വ സസ്യശേഖരം കാണാന്‍ ഇവിടെ എത്തുന്നു . ചെടികൾ ചോദിച്ചു വരുന്നവര്‍ക്ക് അവ നൽകുന്നതിനൊപ്പം ദന്ത പാല, എണ്ണ എന്നിവയും തയ്യറാക്കി നൽകുന്നുണ്ട് സോറിയാസിസിനും താരനും ഉത്തമമായ എണ്ണ പല്ലിനും ബലമേകും. ഇതിനൊപ്പം കേശവർധിനിക്കുള്ള നീലഅമരി എണ്ണയും ഉണ്ട്.
ദൈവത്തിന്റെ സ്വന്തം നാട് രോഗങ്ങളുടെയും മരുന്നുകളുടെയും നാടാണെന്ന തിരിച്ചറിവിൽ നിന്നാണ് കുട്ടിക്കാലം മുതൽക്കേ മനസിൽ പേറിക്കൊണ്ട് നടന്ന ആഗ്രഹം ഇവർ ഔഷധത്തോട്ടത്തിലൂടെ സഫലമാക്കിയത്. 75 സെന്റ് സ്ഥലത്താണ് തോട്ടം ഒരുക്കിയിരിക്കുനത്. റിട്ട.വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന് പരേതനായ വിജയകുമാര ഗുരുക്കളാണ് ഭർത്താവ്. മകൾ കൊച്ചിൻ യൂനിവേഴ്സിറ്റി ശാസ്ത്രജ്ഞ വിനീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.