കരുനാഗപ്പള്ളി: അധികൃതരുടെ അവഗണനയാൽ നിർത്തലാക്കാൻ ഒരുങ്ങിയ സ്കൂളിന് പ്രതീക്ഷകിരണമായി സമർപ്പിച്ച വികസന പദ്ധതികൾ ചുവപ്പുനാടയിൽ കുരുങ്ങിയ കഥയാണ് ചവറ ഗവ. ഹൈസ്കൂളിന് പറയാനുള്ളത്. വിദ്യാർഥി ക്ഷാമം പരിഹരിക്കാനായി സമർപ്പിച്ച ടെക്നിക്കൽ സ്കൂൾ പദ്ധതിയാണ് ഏറെനാളുകളായി ഫയലിൽ വിശ്രമിക്കുന്നത്.
1962ൽ ചവറ ശങ്കരമംഗലെത്ത ഗവ. യു.പി സ്കൂൾ അപ്ഗ്രേഡ് ചെയ്താണ് ചവറ ഗേൾസ് ഹൈസ്കൂൾ നിലവിൽ വന്നത്. 1981ൽ വിദ്യാഭ്യാസ മന്ത്രി ബേബിജോണിന്റെ താൽപര്യപ്രകാരം ചവറയിൽ സർക്കാർ കോളജ് സ്ഥാപിക്കുന്നതിന് വേണ്ടി സ്കൂളിന്റെ കെട്ടിടങ്ങൾ മുഴുവൻ വിട്ടു നൽകി.
പകരം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളെ ചവറ ഗവ. ബോയ്സ് ഹൈസ്കൂളിൽ സെഷനൽ സമ്പ്രദായത്തിൽ പഠനം നടത്തി വരികയായിരുന്നു. 2005ൽ സെഷനൽ സമ്പ്രദായം അവസാനിപ്പിച്ചതോടെ കഥമാറി. മികച്ച നിലവാരവും കൂടുതൽ വിദ്യാർഥികളും ഉണ്ടായിരുന്ന ഈ സ്കൂൾ കുറഞ്ഞ സൗകര്യത്തിൽ പ്രവർത്തനമാരംഭിച്ചു.
ഹയർ സെക്കൻഡറി സൗകര്യം ഇല്ലാത്ത കാരണം ഈ സ്കൂളിൽ വിദ്യാർഥികളുടെ വരവ് കുറഞ്ഞു. ഇതോടെയാണ് ജില്ലയിലെ ആദ്യ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ എന്ന ലക്ഷ്യവുമായി ബഹുനില കെട്ടിടത്തിനായുള്ള പദ്ധതി സ്കൂൾ അധികൃതർ ആവിഷ്കരിച്ച് സമർപ്പിച്ചത്.
കാത്തിരിപ്പ് നീളവെ ചവറ കെ.എം.എം.എല്ലിന്റെ സഹായത്തോടെ ടെക്നിക്കൽ സ്കൂൾ സ്ഥാപിക്കണമെന്ന ആവശ്യം സ്ഥലം എം.എൽ.എ സുജിത് വിജയൻപിള നടപ്പുനിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചു. എം.എൽ.എക്ക് വ്യവസായ വകുപ്പ് മന്ത്രിയിൽ നിന്നും അനുകൂല മറുപടി ലഭിച്ചതോടെ അനുമതി ഉടൻ ലഭിക്കുമെന്ന് കരുതി കാത്തിരിക്കുകയാണ്.
സ്കൂളിന്റെ അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി നിലനിർത്താനുള്ള തീവ്രയജ്ഞമാണ് പ്രഥമ അധ്യാപിക ടി.ഡി. ശോഭ യുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഇഴജന്തുക്കളുടെ ആവാസകേന്ദ്രം ആയിരുന്ന സ്കൂൾ പരിസരത്തെ കാടുമുഴുവൻ സ്റ്റാഫ് സെക്രട്ടറിയായ രാജേന്ദ്രന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വെട്ടിതെളിയിച്ചിരുന്നു.
ചുറ്റുമതിൽ ഇല്ലാത്ത കാരണം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധശല്യം നിത്യ സംഭവമാണ്. ചുറ്റുമതിലിനായി ജില്ല പഞ്ചായത്ത് തുക വകയിരുത്തിയെന്നു പറഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
പൊതുജന പങ്കാളിത്തത്തോടെ സ്കൂളിൽ ആരംഭിക്കുന്ന നീന്തൽകുളം, ടർഫ് എന്നിവയുടെ നിർമാണ അനുമതിക്കായും ഏറെനാളുകളായി കാത്തിരിക്കുകയാണ്. ഒളിമ്പിക്സ് മത്സരയിനങ്ങളായ ആർച്ചറി പരിശീലനവും റൈഫിൾ പരിശീലനവും നടത്തിവരുന്ന ജില്ലയിലെ ഏക സ്കൂൾ കൂടിയാണിത്.
ചവറ ഐ.ആർ. ഇ.യുടെ സഹായത്തോടെയാണ് പദ്ധതി. സ്പോർട്സ് അതോറിറ്റിയുമായി ചേർന്ന് ചവറ എം.എൽ.എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നീന്തൽകുളം നിർമിക്കാനുള്ള പദ്ധതിയും അന്തിമഘട്ടത്തിൽ അനുമതിക്കായി കാത്തിരിക്കുകയാണ്. കടലോര മേഖലയിലെ അടക്കം നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്രയം ആയിരുന്ന സ്കൂളിന്റെ അടിയന്തിര ആവശ്യങ്ങൾ അംഗീകരിച്ചാൽ തന്നെ മികവുറ്റരീതിയിൽ ഏറെ നാൾ നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.