കൊട്ടാരക്കര: കുന്നിക്കോട് സ്വദേശിയായ പ്രവാസിയിൽനിന്ന് ഓൺലൈൻ വഴി ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതികളിലൊരാളെ കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് ത്രിപുരയിൽനിന്ന് പിടികൂടി. ത്രിപുര സ്വദേശി ഗവർണർ റിയാങ്ങിനെയാണ് പിടികൂടിയത്. ഈ കേസിൽ നാഗാലാൻഡ് കൊഹിമ സ്വദേശിയെ കഴിഞ്ഞ ഏപ്രിലിൽ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇറ്റാലിയൻ സ്വദേശിനിയാണെന്നും ഇന്ത്യയിലെത്തുമ്പോൾ നേരിട്ട് കാണാമെന്നും സമൂഹ മാധ്യമത്തിലൂടെ വിശ്വസിപ്പിച്ച് സുഹൃദ് ബന്ധം സ്ഥാപിക്കുകയായിരുന്നു. ബിസിനസിൽ പങ്കാളിയാക്കാമെന്നും വിദേശത്തുനിന്ന് സമ്മാനം വന്നിട്ടുണ്ടെന്നും ലഭിക്കാൻ കസ്റ്റംസ് ക്ലിയറൻസ് ഫീ, ഇൻകം ടാക്സ് എന്നിവ അടക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന്‍റെ തുടക്കം.
തട്ടിപ്പുകാർ നൽകിയ പതിനാലോളം ഇതരസംസ്ഥാന ബാങ്ക് അക്കൗണ്ടുകളിലേക്ക് മൂന്ന് മാസം കൊണ്ട് 44 തവണയായി 1.06 കോടി രൂപ പരാതിക്കാരൻ അയച്ചു. പണം നൽകിയിട്ടും പ്രതികരണം ലഭിക്കാതെ വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം ബോധ്യപ്പെട്ട് പരാതി നൽകിയത്.
റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ അസം, ത്രിപുര, നാഗാലാൻഡ്, ഡൽഹി, തെലങ്കാന, ഉത്തർപ്രദേശ്, ഝാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിൽനിന്നുമുള്ള വിവിധ സംഘങ്ങൾ ഒരുമിച്ച് ചേർന്ന് നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായി. വിവിധ ശ്രേണിയിലുള്ള ക്രിമിനലുകളെ ഏകോപിപ്പിച്ചായിരുന്നു ഇത്രയും വലിയ ഓൺലൈൻ തട്ടിപ്പ് നടത്തിയത്.
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘം പ്രധാന പ്രതിയിലേക്കെത്തിയത്. അസമിലെ സിൽച്ചാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, വ്യാജ രേഖകൾ കൊടുത്ത് വാങ്ങിയ സിം കാർഡുകളാണ് സമൂഹ മാധ്യമ അക്കൗണ്ടുകളുണ്ടാക്കാൻ ഉപയോഗിച്ചതെന്ന് വ്യക്തമായി.
അന്വേഷണ സംഘം ത്രിപുരയിലെ ടൂയിസാമയിലെ പ്രതിയുടെ വീട്ടിലെത്തിയ വിവരം മനസ്സിലാക്കിയ ഗവർണർ റിയാങ് രക്ഷപ്പെട്ടു. ഇയാളെ പിന്തുടർന്ന സംഘം ഡാംചേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയുടെ പഠന ക്ലാസിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കാഞ്ചൻപുർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. അസം, ത്രിപുര കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തി പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതിയെ കോടതിയിൽനിന്ന് വാഹനത്തിൽ കയറ്റുമ്പോൾ തടയാൻ ഒരു വിഭാഗം ആളുകൾ ശ്രമിച്ചു.
ഇയാൾ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഹൈദരാബാദിൽ മാധപുർ ഹൈ ടെക്സിറ്റിയിലും ജോലി ചെയ്തിട്ടുണ്ട്. ബാക്കി പ്രതികളെ പിടികൂടാൻ അന്വേഷണ സംഘം അസമിൽ തുടരുകയാണ്.
കൊല്ലം റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പി. റെജി എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എലിയാസ് പി. ജോർജ്, എസ്.ഐമാരായ എ.എസ്. സരിൻ, പ്രസന്നകുമാർ, എ.എസ്.ഐ സി.എസ്. ബിനു, സി.പി.ഒമാരായ മഹേഷ് മോഹൻ, ജി.കെ. സജിത്ത്, രജിത്ത് ബാലകൃഷ്ണൻ എന്നിവരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.