കൊട്ടാരക്കര: സംസ്ഥാനത്തെ ആദ്യത്തെ ഹരിത തീർഥം പദ്ധതി പ്രതിസന്ധിയിൽ. 2023 ഒക്ടോബർ 21ന് കരീപ്ര പഞ്ചായത്തിലെ ഉളവുകോടായിരുന്നു മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം നടത്തിയത്. കരീപ്ര പഞ്ചായത്തും അനർട്ടും ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് സോളാർ പാനൽ വഴി പാറ ക്വാറിയിലെ ജലം മോട്ടോർ ഉപയോഗിച്ച് ഉളവുകോട്, വാക്കനാട്, നെടുമൺകാവ്, കുടിക്കോട്, ഏറ്റുവായ്ക്കോട് എന്നീ ഏലകളിലും കൃഷിയിടങ്ങളിലും ജലം എത്തിക്കുന്ന പദ്ധതിയായിരുന്നു. നവകേരളവും ഹരിതകേരള മിഷനും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് നാൾ മാത്രമേ പദ്ധതി വഴി ജലം കർഷകർക്ക് ലഭിച്ചുള്ളു. സോളാർ പാനൽ വഴി മോട്ടോർ ഉപയോഗിച്ച് ക്വാറിയിലെ ജലം ചെറുചാലുകൾ വഴി തോടുകളിൽ എത്തുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തോടുകളിൽ നിന്ന് ചെറുചാലിലൂടെ കൃഷിയിടങ്ങളിൽ എത്തിക്കുന്ന പദ്ധതിയാണ് കർഷകർക്ക് ഉപയോഗപ്രദമാവാതെ പോകുന്നത്. പദ്ധതി ആരംഭിച്ച ഘട്ടത്തിൽ ഉഗ്ര ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് ക്വാറിയിലെ ജലം 10 എച്ച്.പിയുടെ പമ്പ് സെറ്റ് വഴി ചെറുചാലിലൂടെയാണ് ഒഴുക്കി കൊണ്ടിരുന്നത്. വേനൽക്കാലം രൂക്ഷമായതോടെ മോട്ടോറിന്റെ പ്രവർത്തനവും നിശ്ചലമായി.
ഇതോടെ കർഷകരുടെ കൃഷിയിടങ്ങളിൽ അത്യാവശ്യഘട്ടത്തിൽ ജലം എത്താതെയായി. രണ്ടാഴ്ചയായി കർഷകരുടെ കൃഷിയിടങ്ങളിൽ ജലം ലഭിക്കുന്നില്ല. മാസങ്ങളായി ജലം കൃഷിയിടങ്ങളിൽ എത്തുന്നില്ലെന്നാണ് കർഷകർ പറയുന്നത്. പ്രതിഷേധിച്ചതോടെ മോട്ടോർ അധികൃതർ നന്നാക്കാൻ കൊടുത്തു. എന്നാൽ, മോട്ടറിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് നന്നാക്കിയവർ പറഞ്ഞത്. മോട്ടറും പമ്പ് സെറ്റും ചേർത്ത് വെക്കുന്ന ഭാഗത്തെ പ്രശ്നമായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോഴും കൃഷിയിടങ്ങളിൽ കർഷകർക്ക് ജലം എത്തുന്നില്ല.
ഇതിനിടെ രണ്ടാമത്തെ മോട്ടോർ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 45 മുതൽ 55 യൂനിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. 20 ഏക്കറോളം കൃഷിയിടത്തിൽ വെള്ളം കർഷകർക്ക് ഉപകാരപ്പെടുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.