കൊട്ടാരക്കര: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരക്കരയിലെ പഴയ മുസാവരി ബംഗ്ലാവ് തകർച്ചയിൽ. പൊട്ടിയ ഓടുകൾക്കും കഴുക്കോലിനും മുകളിൽ വിരിച്ച പ്ളാസ്റ്റിക് ഷീറ്റുകളും വിണ്ടുകീറി. മഴവെള്ളം ഭിത്തിയിലും അകത്തുമിറങ്ങി കെട്ടിടം തീർത്തും അപകടാവസ്ഥയിലാണ്.
പൈതൃകസ്മാരകമായി സംരക്ഷിക്കേണ്ട കെട്ടിടമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്. നാട്ടിലാകെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെപ്പറ്റി പരിശോധിച്ച് റിപ്പോർട്ട് കൊടുക്കേണ്ടവരും അറ്റകുറ്റപ്പണി നടത്തുകയോ പുതിയ കെട്ടിടം നിർമിക്കുകയോ ചെയ്യേണ്ടവരും ജോലി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ഓഫിസ് വളപ്പിലാണ് ഈ നാണക്കേടെന്നതാണ് വിരോധാഭാസം. നേരത്തെ റൂറൽ ജില്ല പൊലീസിന്റെ ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിനായി മുസാവരി ബംഗ്ലാവ് വിട്ടുനൽകിയിരുന്നു. റൂറൽ പൊലീസിന് സ്വന്തമായി ആസ്ഥാനമായതോടെ ഈ കെട്ടിടം ഉപേക്ഷിച്ചു.
പൊതുമരാമത്ത് വകുപ്പിന് വേണ്ടുവോളം ഫണ്ടുണ്ടായിട്ടും ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. കടലായ്മനമഠം വകയായിരുന്ന കൊട്ടാരക്കര തൃക്കണ്ണമംഗൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുനൽകാൻ മഹാത്മാഗാന്ധിയെത്തിയപ്പോൾ വിശ്രമിച്ചത് മുസാവരി ബംഗ്ലാവിലാണ്.
1937 ജനുവരി 21ന് പുലർച്ച ഇവിടെനിന്ന് പുറപ്പെട്ട ഗാന്ധിജി കാൽനടയായിട്ടാണ് ക്ഷേത്രത്തിലെത്തിയതും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതും. മുസാവരി ബംഗ്ലാവിനോട് ചേർന്നാണ് പൊതുമരാമത്തുവകുപ്പിന്റെതന്നെ റസ്റ്റ് ഹൗസും. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇവിടം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.