കൊട്ടാരക്കര: കേരളത്തിലുടനീളം മോഷണവാഹനങ്ങളിൽ കറങ്ങി നടന്ന് മറ്റ് മോഷണങ്ങൾ നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിൻ (29) ആണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12ഓടെ ഇഞ്ചക്കാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് കാർ മോഷണം പോയതിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.
മോഷ്ടിച്ച കാറുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോയി വെള്ളറടയിൽ റബർ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് 500 കിലോയിലധികം റബർ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. റബർ ഷീറ്റ് വിറ്റ ശേഷം അന്ന് രാത്രി മോഷ്ടിച്ച കാറിൽ തങ്ങി. പിറ്റേദിവസം ഈ കാറിൽ പത്തനംതിട്ട പെരിനാട് റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലധികം റബർ ഷീറ്റ് മോഷ്ടിച്ചു.
ഇങ്ങനെ ലഭിച്ച തുകയുമായി കോഴിക്കോട്ടുള്ള സ്നേഹിതയുടെ അടുത്തേക്ക് പോകും വഴി പാലാക്ക് സമീപംെവച്ച് മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി. ഈ വാഹനത്തിൽ ഉണ്ടായിരുന്നത് പൊലീസ് ആണെന്ന സംശയത്തിൽ വാഹനവുമായി രക്ഷപ്പെട്ടു.
സമീപ സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ വാഹനം പാർക്ക് ചെയ്ത ശേഷം കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്തുനിന്ന് ബൈക്കിൽ കോഴിക്കോട്ടേക്ക് പോകും വഴി കഴിഞ്ഞദിവസം രാവിലെ 11ഓടെ കൊട്ടാരക്കര പൊലീസിന്റെ വലയിൽപെടുകയായിരുന്നു.
2023 ൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽനിന്ന് ഇന്നോവ കാർ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതി ഈ വർഷം ജൂലൈയിലാണ് ജയിലിൽനിന്നിറങ്ങിയത്. തുടർന്ന് പാലക്കാട് കുഴൽമന്ദം എന്ന സ്ഥലത്ത് ഫൈനാൻസ് സ്ഥാപനത്തിൽ മോഷണം നടത്തി. മുമ്പ് പത്തനംതിട്ടയിൽ ഒരുവാഹനത്തിൽ നിന്ന് ഇളക്കിയെടുത്ത നമ്പർ പ്ലേറ്റ് ഈ കാറിൽ സ്ഥാപിച്ചായിരുന്നു കറക്കം.
തെളിവുകൾ നശിപ്പിക്കുന്നതിന് ശ്രദ്ധിച്ചിരുന്ന പ്രതി മോഷണവാഹനങ്ങളുമായി പെട്രോൾ പമ്പുകളിൽ കയറാറില്ലെന്നും രാത്രികാലങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുകയാണെന്നും പൊലീസ് പറയുന്നു. മോഷ്ടിക്കുന്ന വാഹനങ്ങളിൽ തന്നെ കൂടുതൽ സമയവും ചെലവഴിക്കുന്ന പ്രതി വീട്ടിൽ തങ്ങാറില്ല.
പകൽ വാഹനത്തിൽ കറങ്ങിനടന്ന് മോഷണസ്ഥലങ്ങൾ കണ്ടെത്തി രാത്രി സമയം മോഷണം നടത്തുന്നതാണ് പതിവ്. കൊട്ടാരക്കര എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേതൃത്വത്തിൽ, എസ്.ഐ അഭിലാഷ് എ.ആർ, എസ്.ഐ രജനീഷ്, ടി. വാസുദേവൻ, ടി. രാജൻ, എസ്.സി.പി.ഒ അജു ഡി. തോമസ്, സി.പി.ഒമാരായ രാജേഷ്, ശ്യാം കൃഷ്ണൻ, അരുൺ മോഹൻ, ദീപക്ക്. ഡി, അഭിസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.