കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിൽപ്പെട്ട മൈലാപ്പൂരിൽ ഡെങ്കിപ്പനി പടരുന്നതിനെ തുടർന്ന് ആശങ്ക. പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ മൈലാപ്പൂര് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്താണ് രോഗം പടരുന്നത്. എസ്റ്റേറ്റിൽ വൃത്തിഹീനമായ സാഹചര്യത്തിൽ മാനദണ്ഡം പാലിക്കാതെ പ്രവർത്തിക്കുന്ന, പ്ലാസ്റ്റിക് മാലിന്യ കവറുകൾ വേർതിരിക്കുന്ന കമ്പനിയാണ് ഡെങ്കിപ്പനിയുടെ ഉറവിടമെന്ന് നാട്ടുകാർ പറയുന്നു.
കമ്പനി മറ്റ് സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യ കവറുകൾ തുറസായ സ്ഥലത്ത് വച്ചാണ് വേർതിരിക്കുന്നത്. ഈ കവറുകളിലും വൃത്തി ഇല്ലാത്ത സ്ഥലത്തും കെട്ടി നിൽക്കുന്ന വെള്ളത്തിൽ നിന്നും ഉണ്ടാകുന്ന കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ഈ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസോ ഹെൽത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളോ ഒന്നും തന്നെയില്ല. ഇവിടെ ജോലി ചെയ്യുന്നവർക്കും യാതൊരു സുരക്ഷ മാനദണ്ഡവും ഇല്ല. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് ഇങ്ങനെ കൂട്ടി ഇട്ടിരുന്ന മാലിന്യ കവറുകൾ കത്തി വലിയ തീപിടുത്തം ഉണ്ടായിരുന്നു. എത്രയും വേഗം പഞ്ചായത്ത്, ഹെൽത്ത് അധികാരികൾ ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം എ. എം റാഫി പറഞ്ഞു. ഡെങ്കിപ്പനി പടർന്നതോടെ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരുടെ യോഗം വിളിച്ചതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.