കൊട്ടിയം: സുരക്ഷ ഒരുക്കാതെയാണ് ദേശീയപാത നിർമാണം നടത്തുന്നതെന്ന പരാതിയിൽ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി അപകടസ്ഥലങ്ങൾ സന്ദർശിച്ചു. ദേശീയപാത നിർമാണം സംബന്ധിച്ച് കൊട്ടിയം പൗരവേദിക്കുവേണ്ടി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി. മഞ്ജു കൊട്ടിയം ജങ്ഷനിലെയും സമീപപ്രദേശങ്ങളിലെയും അപകടമേഖലകൾ സന്ദർശിച്ചത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതുമൂലം കൊട്ടിയത്തും സമീപപ്രദേശങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളെ തുടർന്നാണ് പൗരവേദി ലീഗൽ സർവിസ് അതോറിറ്റിയെ സമീപിച്ചത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ മൂന്നുപേരാണ് ഇവിടെ അപകടങ്ങളിൽ മരിച്ചത്.
കഴിഞ്ഞദിവസം ലീഗൽ സർവിസ് അതോറിറ്റി കേസ് പരിഗണിച്ചിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുള്ളതായി കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചതിനെതുടർന്നാണ് വസ്തുതാപരിശോധനക്കായി നേരിട്ട് സെക്രട്ടറി സ്ഥലത്ത് എത്തിയത്. നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ അപകടകരമായ അവസ്ഥ പൗരവേദി ഭാരവാഹികളും വ്യാപാരികളും പൊതുജനങ്ങളും ഓട്ടോ തൊഴിലാളികളും മറ്റും സെക്രട്ടറിയെ ചൂണ്ടിക്കാട്ടി. 10 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സുരക്ഷ ഉറപ്പുവരുത്തുമെന്നും കരാർ കമ്പനി അധികാരികൾ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.