കുളത്തൂപ്പുഴ: പഞ്ചായത്തിലെ പ്രധാന പാതകളെല്ലാം ‘തൂവെളിച്ചം’ പദ്ധതിയിലുള്‍പ്പെടുത്തി വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചെങ്കിലും കുളത്തൂപ്പുഴ കെ.എസ്.ആര്.ടി.സി പാതയിലെ വിളക്കുകളെല്ലാം കണ്ണടച്ചു.
സന്ധ്യയായാല്‍ ഡിപ്പോയിലേക്ക് പോവുകയും വരികയും ചെയ്യുന്നത് അപകടം പിടിച്ച പണിയായി. സമീപത്തെ വ്യാപാരശാലകളില്‍ നിന്നുള്ള വെട്ടത്തില്‍ കുറച്ചൂ ദൂരം സഞ്ചരിക്കാമെങ്കിലും ഡിപ്പോ അതിര്‍ത്തിക്ക് സമീപത്തെത്തിയാല്‍ ഇരുട്ട് മാത്രമാണുള്ളത്.
സന്ധ്യക്ക് ശേഷമുള്ള ബസുകളില്‍ വരുന്നവരും തിരികെ മടങ്ങാനെത്തുന്നവരും കൈയില്‍ ലൈറ്റുകളും കരുതിവേണം എത്താന്‍. പാതയുടെ ഇരുവശവും കാടുപിടിച്ച് കിടക്കുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നതിനാല്‍ തെരുവുനായകളുടെയും ഇഴജന്തുക്കളുടെയു വിഹാര കേന്ദ്രം കൂടിയാണ് ഡിപ്പോയും പരിസരവും. ഡിപ്പോയുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന തോടിനു കുറുകെയുള്ള കലുങ്ക് കടക്കാൻ പ്രത്യേക കഴിവു വേണം. ഡിപ്പോയിലെത്തിയായും സ്ഥിതി വ്യത്യസ്ഥമല്ല. കാത്തിരിപ്പ് കേന്ദ്രത്തിനകത്തും ഗാരേജിനു സമീപവും മാത്രമെ വിളക്കുകളുള്ളൂ. അതിനാല്‍ ഇവിടേക്ക് നടന്നെത്തുന്നതും ദുഷ്കരമാണ്. തെരുവുനായകളുടെ ആക്രമണമുണ്ടാകാതെയും ഇഴജന്തുക്കളുടെ കടിയേല്‍ക്കാതെയും രക്ഷപെട്ടെത്തുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് യാത്രികര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീ യാത്രികരുടെ അവസ്ഥയാണ് ഏറെ പ്രയാസകരം.
കൂരിരുള്‍ മൂടിയ പാതയിലൂടെ 100 മീറ്ററോളം നടന്നെത്തിയെങ്കില്‍ മാത്രമേ തെരുവുവിളക്കുള്ള സ്ഥലത്തെത്താനും ഓട്ടോ റിക്ഷയോ ടാക്സിയോ കിട്ടുന്നതിനും സാധിക്കുകയുള്ളൂ. ഓരോ പ്രാവശ്യവും വിവിധ തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന ബജറ്റ് ടൂറിസം ട്രിപ്പുകളെ കുറിച്ചുമൊക്കെ അധികൃതര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കാത്തതും വഴിവിളക്കുകളുമില്ലാത്തതും യാത്രികരെ വലക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.