കുളത്തൂപ്പുഴ: അരിപ്പ ഭൂസമരം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ മന്ത്രിതലത്തില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭൂസമരക്കാരുടെ വിവര ശേഖരണം ആരംഭിച്ചു. കഴിഞ്ഞ 14ന് തിരുവനന്തപുരത്ത് മന്ത്രി കെ. രാജന്റെ ഓഫിസില്‍ നടത്തിയ സമവായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അരിപ്പയില്‍ ഇപ്പോഴും സമരത്തിലേര്‍പ്പെട്ട ഭൂരഹിതരായവരുടെ വിവരങ്ങളാണ് റവന്യൂ സംഘം ശേഖരിക്കുന്നത്.
കഴിഞ്ഞ ദിവസം അരിപ്പയിലെത്തിയ പുനലൂര്‍ ആര്.ഡി.ഒ സുരേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സമരക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോ കുടിലുകളിലുമെത്തി ശേഖരിച്ചു.
13 വര്‍ഷം മുമ്പ് ആദ്യഘട്ടത്തില്‍ 570ഓളം കുടുംബങ്ങളാണ് അരിപ്പയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുടില്‍ കെട്ടി ഭൂസമരം ആരംഭിച്ചത്. പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അരിപ്പയില്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത 94 ഏക്കര്‍ വരുന്നഭൂമിയില് പട്ടികവര്‍ഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിനും ചെങ്ങറ സമരക്കാര്‍ക്കും വിതരണം ചെയ്തതില്‍ ശേഷിച്ച 51 ഏക്കര്‍ ഭൂമിയിലാണ് കുടില്‍ കെട്ടി ഭൂസമരം തുടരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞും പരിഹാരമാകാതെ സമരം അനന്തമായി നീണ്ടതോടെ പല കുടുംബങ്ങളും സമരം ഉപേക്ഷിച്ചു പോയി. പ്രായമായ പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു.
13 വര്‍ഷമായി തുടരുന്ന ഭൂസമരം സര്‍ക്കാരിനു മേല്‍ സമ്മർദമായി മാറിയതോടെയാണ് പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കായി വിവരശേഖരണം ആരംഭിച്ചത്. നിലവില്‍ 275 ഓളം കുടുംബങ്ങളാണ് സമര ഭൂമിയിലുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. അര്‍ഹരായവര്‍ക്ക് മുഴുവന്‍ ഭൂമി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിനാവശ്യമായ റവന്യൂ ഭൂമി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുള്ളതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അരിപ്പയിലെ സര്‍ക്കാര്‍ ഭൂമി കൂടാതെ റവന്യൂ വകുപ്പിന്റെ കൈവശത്തില്‍ മറ്റു സ്ഥലങ്ങളിലുമുള്ള ഭൂമിയും കണ്ടെത്തിയെങ്കില്‍ മാത്രമേ സമരക്കാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്യാനാകു. അതിനാല്‍ സമീപ പ്രദേശങ്ങളിലെ റവന്യൂ ഭൂമി സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.