കുളത്തൂപ്പുഴ: വിദ്യാലയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പഠനകാര്യങ്ങള്‍ക്കും പിന്തുണയേകാന്‍ അധ്യാപകരില്ലാതെ കുളത്തൂപ്പുഴയിലെ വിദ്യാലയങ്ങള്‍ പുതിയ അധ്യയനവര്‍ഷത്തിലേക്ക്. കൊറോണ പിടിമുറുക്കിയതിനെതുടര്ന്ന് ഓണ്‍ലൈന്‍ ക്ലാസുകളുടെ പിന്‍ബലത്തില്‍ ഒരു അധ്യയനവര്‍ഷം കടന്നുപോയപ്പോള്‍ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഏറെ പണിപ്പെട്ടാണ് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
നാലും അഞ്ചും വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ അടക്കം മിക്ക സ്കൂളുകളിലും അധ്യാപക ക്ഷാമമുണ്ട്. വിരമിച്ചതും സ്ഥലംമാറിപ്പോയവരുമായ അധ്യാപകരുടെ എണ്ണവും കുറവല്ല. നിലവില്‍ പ്രഥമാധ്യാപകരില്ലാതെ ഏകാധ്യാപക വിദ്യാലയമായി മാറിയ പല സ്കൂളുകളിലും അധ്യയനം ശരിയായരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാകാതെ വലയുകയാണ്. എല്‍.പി സ്കൂളുകളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. പ്രഥമാധ്യാപകരുടെ ചുമതലയും നാല് ക്ലാസുകളുടെ ചുമതലയും ഒരാൾ ചെയ്യുന്ന സ്കൂളുകളാണ് പലതും.
വടക്കുംതല: അധ്യയന വര്‍ഷം ചൊവ്വാഴ്ച ആരംഭിക്കവെ പ്രഥമാധ്യാപകനില്ലാതായിട്ട് ഒരുവര്‍ഷം തികയുന്ന ഒരു എല്‍.പി സ്കൂള്‍ ഇവിടെയുണ്ട്. പന്മന വടക്കുംതല പനയന്നാര്‍കാവ് ദേവിവിലാസം സര്‍ക്കാര്‍ എല്‍.പി സ്കൂളിലാണ് പ്രഥമാധ്യാപകനില്ലാത്തത്. 1929ല്‍ പനയന്നാര്‍കാവ് ദേവസ്വം സൗജന്യമായി നല്കിയ സ്ഥലത്ത് കുമ്പളത്തു ശങ്കുപ്പിള്ളയുടെ ശ്രമഫലമായി റാണി സേതുലക്ഷ്മി ഭായി അനുവദിച്ച സ്കൂളാണിത്.
ചരിത്ര പ്രാധാന്യമുള്ള സ്കൂളിന് നാഥനില്ലാത്ത ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൂര്‍വവിദ്യാര്‍ഥിയും കുമ്പളത്തു ശങ്കുപ്പിള്ള ഫൗണ്ടേഷന് ഡയറക്ടറുമായ പ്രഫ. സി. ശശിധരക്കുറുപ്പ് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ, പന്മന ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്കി കാത്തിരിക്കുകയാണ്.
പത്തനാപുരം: അധ്യയനവര്‍ഷാരംഭം നാടെങ്ങും ഉത്സവച്ഛായയില്‍ നടക്കുമ്പോള്‍ ആദിവാസി ഊരുകളിലെ കുരുന്നുകള്‍ക്ക് തുടര്‍പഠനം മുടങ്ങിയ നിലയാണ്. ആരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിജന്‍ കോളനി, പിറവന്തൂര്‍ പഞ്ചായത്തിലെ മുള്ളുമല ഗിരിവർഗ കോളനി, പത്തനാപുരം പഞ്ചായത്തിലെ കിഴക്കേ വെള്ളംതെറ്റി എന്നീ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ റേഞ്ചോ ഇൻറര്‍നെറ്റ് സംവിധാനങ്ങളോ ഇല്ല. പല മേഖലയിലും കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ക്ലാസ് ലഭിക്കുന്നില്ല. കോളനികളില്‍ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല എന്നതാണ് പ്രധാനപ്രശ്നം. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച സോളാര്‍ വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലായിട്ട് നാളുകളായി. മൊബൈല്‍ ഫോണുകള്‍ കോളനിയില്‍ എത്തിയിട്ടുണ്ടെങ്കിലും റേഞ്ച് കിട്ടാക്കനിയാണ്. കോളനികളില്‍ അമ്പതോളം സ്കൂൾ വിദ്യാർഥികളുണ്ട്. അച്ചന്‍കോവില്‍, കൊല്ലം, ചിറ്റാര്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ ഹോസ്റ്റലുകളിൽനിന്നാണ് ഇവര്‍ പഠിക്കുന്നത്. കോവിഡ് ആയതിനാല്‍ ഹോസ്റ്റലുകളില്ല. കോളനിയിലേക്ക് വൈദ്യുതി എത്തിക്കുമെന്ന പ്രഖ്യാപനങ്ങൾ ഫയലുകളിൽ ഉറങ്ങുകയാണ്.
കുട്ടികളുണ്ട്, അധ്യാപകരില്ല; അനാഥമായി സര്‍ക്കാര്‍ പള്ളിക്കൂടം മൂന്ന് അധ്യാപകർ സ്ഥലം മാറിപ്പോയിട്ട് പകരം നിയമിച്ചില്ല
പത്തനാപുരം: പത്തനാപുരം പട്ടാഴി പഞ്ചായത്ത് മൈലാടുംപാറ പന്തപ്ലാവ് സർക്കാർ ന്യൂ എൽ.പി സ്കൂളിൽ പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ അധ്യാപകരില്ല. നഴ്സറി ക്ലാസ് മുതൽ നാലാം തരം വരെ 45 കുട്ടികളാണ് ഇവിടെയുള്ളത്. കഴിഞ്ഞവര്‍ഷം അവസാനം ആകെയുണ്ടായിരുന്ന ഹെഡ്മാസ്റ്റർകൂടി സ്ഥലംമാറി പോയതോടെയാണ് വിദ്യാലയം അനാഥമായത്.
മൂന്ന് അധ്യാപകർ സ്ഥലം മാറിപ്പോയിട്ട് പകരം നിയമിച്ചില്ല. കഴിഞ്ഞവർഷം പ്രഥമാധ്യാപകന്തന്നെയാണ് ഓൺലൈൻ ക്ലാസുകൾ നിയന്ത്രിക്കുകയും ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തത്. തുടർന്ന് തലവൂർ പഞ്ചായത്തിലെ മഞ്ഞക്കാല സര്‍ക്കാര്‍ എൽ.പി സ്കൂളിെൻറ പ്രഥമാധ്യാപകന് അധിക ചുമതല നൽകി. കുളക്കട ബി.ആര്.സിയിലെ അധ്യാപകരാണ് ബാക്കി ദിവസങ്ങളിൽ ഓണ്‍ലൈന്‍ ക്ലാസുകൾ നടത്തിയത്. ഇത്തവണ പ്രവേശനോത്സവം ഏകോപിപ്പിക്കാൻ ആരുമില്ല. പട്ടാഴി പഞ്ചായത്തംഗങ്ങളും രക്ഷകര്തൃസമിതിയംഗങ്ങളും ബി.ആർ.സി ഉദ്യോഗസ്ഥരും ചേര്‍ന്ന് പുതിയ കുട്ടികളെ വീടുകളില്‍ പോയി കാണുകയും പാഠപുസ്തകങ്ങളും പഠനസാമഗ്രികളും നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസവകുപ്പിനും ജനപ്രതിനിധികൾക്കും നിരവധി തവണ രക്ഷാകർത്താക്കൾ പരാതി നൽകിയിട്ടും അധ്യാപകരെ നിയമിക്കാന്‍ നടപടിയില്ല. അധ്യാപകരുടെ കുറവ് പഠനപ്രവർത്തനങ്ങളെ ബാധിക്കുന്നതായി പഞ്ചായത്ത് അധികൃതരും പറയുന്നു.
കോവിഡ് അധിക ചുമതല;ധർമസങ്കടത്തിലെന്ന് അധ്യാപകർ
ചവറ: സ്കൂൾ അധ്യയനത്തിനൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനവും കൂടി നിർവഹിക്കേണ്ടിവരുന്നത് ജോലിഭാരം ഇരട്ടിയാക്കുന്നെന്ന് അധ്യാപകർ.
കോവിഡുമായി ബന്ധപ്പെട്ട വിവിധ ജോലികളിലാണ് അധ്യാപകരെ നിയോഗിച്ചിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്നത് വെർച്വലായാണെങ്കിൽകൂടി അതിനുള്ള ഒരുക്കം വലിയ ഉത്തരവാദിത്തമായിരുന്നു. കുട്ടികളെ ഏകോപിപ്പിക്കൽ, പുതിയ കുട്ടികളുടെ പ്രവേശനം, പാഠപുസ്തകങ്ങൾ എത്തിക്കൽ, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ ജോലികളും അധ്യാപകരാണ് ചെയ്യുന്നത്. ഇതിനൊപ്പമാണ് കോവിഡ് ഡ്യൂട്ടി. വാർഡ്തല ജാഗ്രതാ സമിതികളുടെ മേൽനോട്ടം, കോവിഡ് സെൻററുകളുടെ ചുമതല എന്നിങ്ങനെ വിവിധ ജോലികളിലാണ് അധ്യാപകരെ നിയോഗിച്ചിരിക്കുന്നത്.
ഇവയുടെ റിപ്പോർട്ടുകൾ കൃത്യമായി നൽകണം. ഓൺലൈൻ ക്ലാസുകളുടെ തയാറെടുപ്പ് കൂടുതൽ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണ്. ഓരോ കുട്ടിയെയും വിളിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിക്കുകയെന്നത് ശ്രമകരമാണ്. ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ കോവിഡ് പ്രതിരോധ ചുമതലകളിൽനിന്ന് അധ്യാപകരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.