കുണ്ടറ: മധ്യവയസ്കന് വഴിയില്‍ കുഴഞ്ഞുവീണ് മരിക്കാനിടയായത് മര്‍ദനമേറ്റതിനെ തുടര്‍ന്നാണെന്ന് വ്യക്തമായതിനെതുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇളമ്പള്ളൂര്‍ ഫുട്ബാള്‍ അസോസിയേഷന് കളിക്കാരനും ബി.എസ്.പി പ്രവര്‍ത്തകനുമായിരുന്ന ഇളമ്പള്ളൂര്‍ മുണ്ടക്കല്‍ ചരുവിള പുത്തന്‍ വീട്ടില്‍ സി.കെ. രമണന്റെ (അയ്യപ്പന്-54) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവത്തിൽ ഇളമ്പള്ളൂര്‍ പനംകുറ്റി വീട്ടില്‍ ഉണ്ണിയാണ് (48 -കരാട്ടെ ഉണ്ണി) അറസ്റ്റിലായത്. കഴിഞ്ഞ 30ന് രാത്രിയില്‍ വീട്ടിലേക്കുള്ള വഴിയില്‍ കുഴഞ്ഞുവീണ അയ്യപ്പന് കുണ്ടറ താലൂക്കാശുപത്രിയിലാണ് മരിച്ചത്. ക്രൂരമായ മര്‍ദനമാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണി പിടിയിലായത്.
മുണ്ടക്കല്‍ ജയന്തി കോളനിയില്‍ കുടുംബവക വസ്തു ഉണ്ടായിരുന്നിട്ടും അവിടെ താമസിക്കാതെ പ്രതിയുടെ വീടിന് സമീപമുള്ള ബന്ധു ശശികലയോടൊപ്പം അയ്യപ്പന് താമസിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലത്രെ. 28ന് രാത്രി ഒമ്പതിന് ജങ്ഷനില്‍നിന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍ കാത്തുനിന്ന ഉണ്ണി, അയ്യപ്പനെ മർദിക്കുകയായിരുന്നു.
ഹൃദ്രോഗിയായ അയ്യപ്പന് ഇതിനെതുടർന്ന് അസ്വസ്ഥതകൾ ഉണ്ടായെങ്കിലും മർദനമേറ്റ വിവരം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് വഴിയിൽതന്നെ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഉണ്ണിയെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.
ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നിർദേശപ്രകാരം കുണ്ടറ ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ബി. അനീഷ്, എ. അനീഷ്, ഗ്രേഡ് എസ്.ഐ ഷാനവാസ് ഖാന്, സി.പി.ഒമാരായ സുനില്‍, രാജേഷ്, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.