കുണ്ടറ: വാക്സിന് നിറയ്ക്കാത്ത സിറിഞ്ചുപയോഗിച്ച് 75 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കുത്തിവെയ്പ്പെടുത്തത് പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘർഷം സൃഷ്ടിച്ചു. കുഞ്ഞിന്റെ പിതാവ് മെഡിക്കല്‍ ഓഫിസര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ സ്ഥലത്തെത്തി രണ്ട് നഴ്സുമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ബുധനാഴ്ച രാവിലെ 11.30ന് കുട്ടികൾക്കുള്ള രണ്ടാം ഡോസ് പ്രതിരോധ വാക്സിനേഷനായി വന്ന പെരിനാട് വെള്ളിമണ്‍ വെസ്റ്റ് വത്സല മന്ദിരത്തില്‍ വിഷ്ണുപ്രസാദിന്റെയും ശ്രീജയുടെയും മകള്‍ ശ്രീനിക വി.നായര്‍ എന്ന കുഞ്ഞിനാണ് ശൂന്യമായ സിറിഞ്ചുപയോഗിച്ച് വാക്സിനെടുത്തത്.
സംഭവത്തില്‍ വാക്സിനേഷന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് ഒന്ന് എസ്. ഷീബയേയും ഗ്രേഡ് രണ്ട് ഡി. ലൂര്ദിനെയുമാണ് ജില്ല മെഡിക്കല്‍ ഓഫിസർ ഡോ.കെ.എസ്. ഷിനു സസ്പെൻഡ് ചെയ്തത്. പേശിയിലെടുത്ത കുത്തിവെപ്പ്ആയതിനാൽ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ജയകൃഷ്ണനുമായി സംസാരിച്ചെങ്കിലും തനിക്കിതില്‍ ഉത്തരവാദിത്തമില്ലെന്നും ഡി.എം.ഒ മറുപടി പറയുമെന്നും പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ സി.പി.ഐ മണ്ഡലം സെക്രട്ടറി ടി. സുരേഷ്കുമാറിനോടും തനിക്കിതില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ പ്രതികരിച്ചതോടെ ഒച്ചപ്പാടും ബഹളവുമായി.
ക്ഷേമ സമിതി അധ്യക്ഷന്‍ മുഹമ്മദ് ജാഫി, ആരോഗ്യ സമിതി അധ്യക്ഷ ശ്രുതി, വികസന സമിതി അധ്യക്ഷ കെ. സോമവല്ലി, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവർ ആശുപത്രിയില്‍ എത്തിയതോടെ ഡോക്ടറുമായി വാക്കേറ്റം ശക്തമായി. ഡി.എം.ഒ ആശുപത്രിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയത് ആര്.സി.എച്ച് ഓഫിസര്‍ ഡോ.എം.എസ്. അനുവായിരുന്നു.
കുണ്ടറയില്‍നിന്ന് പൊലീസ് എത്തി അവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് അംഗങ്ങൾ ഡോ.അനുവുമായി സംസാരിച്ചു. തുടർന്ന് കുട്ടിയുടെ ബന്ധുക്കളോടും ആശുപത്രിയിലെ ജീവനക്കാരോടും സംസാരിച്ചു.
വാക്സിന് എടുക്കാനായി കുഞ്ഞുങ്ങളുമായി രക്ഷാകർത്താക്കള് വാക്സിന് മുറിക്ക് മുന്നില്‍ കാത്തിരിക്കുമ്പോള്‍ അകത്ത് നഴ്സുമാര്‍ തമ്മില്‍ വഴക്കടിക്കുകയും അതിലൊരാള്‍ കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിപ്പോയെന്നും കുത്തിവെപ്പിന് അകത്തേക്ക് വിളിച്ചെപ്പോൾ ധിറുതിയില്‍ ഒരു സിസ്റ്ററെത്തി കുത്തിവെപ്പെടുക്കുകയായിരുന്നെന്നും, സിറിഞ്ച് പിന്‍വലിച്ച് പഞ്ഞികൊണ്ട് തുടച്ചപ്പോഴാണ് മരുന്നുണ്ടായിരുന്നില്ലെന്ന് ശ്രദ്ധിച്ചതെന്നും കുഞ്ഞിന്റെ മാതാവ് പറഞ്ഞു.
ഉടന്‍തന്നെ തെറ്റ് പറ്റിപ്പോയെന്നും വീണ്ടും കുത്തിവെപ്പെടുക്കാമെന്നും നഴ്സ് ഷീബ പറഞ്ഞെന്നും അതു തങ്ങള്‍ അംഗീകരിച്ചില്ലെന്നും കുഞ്ഞിന്റെ മുത്തശ്ശി മൊഴിനല്‍കി. ഡോ.അനു ഒരോരുത്തരുടെയും ഭാഗം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനമായെത്തി മെഡിക്കല്‍ ഓഫിസറുടെ മുറിക്ക് മുന്നില്‍ കുത്തിയിരുന്നു.
പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനമായെത്തി. നഴ്സുമാരെ സസ്പെൻഡ് ചെയ്തതായ ഉത്തരവ് ലഭിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.