കുണ്ടറ: സ്റ്റാര്ച്ച്മുക്ക്-കൈതാകോടി റോഡിന്റെ നിർമാണ പൂര്‍ത്തീകരണം അനന്തമായി നീളുന്നതിന്റെ കാരണം എം.എല്‍.എയുടെ പിടിപ്പുകേടാണെന്ന് സി.പി.എം. റിബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി മുന്‍ എം.എല്‍.എ ജെ. മേഴ്സിക്കുട്ടിയമ്മയാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്. ഒരു വര്‍ഷമായി പണി മുടങ്ങിക്കിടക്കുകയാണ്. സര്‍ക്കാറിന്റെ പ്രതിനിധി എന്നനിലയില്‍ എം.എല്‍.എയാണ് പ്രതിമാസ അവലോകനം നടത്തി കരാറുകാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് നിർമാണം നടത്തേണ്ടത്.
നാളിതുവരെ യോഗം ചേര്‍ന്ന് റോഡിന്റെ പൂര്‍ത്തീകരണത്തിന് മുന്‍കൈ എടുത്തിട്ടില്ല. യാത്ര വലിയ ദുരിതമായ പശ്ചാത്തലത്തില്‍ സി.പി.എം പ്രത്യക്ഷ സമരപരിപാടിയിലേക്ക് നീങ്ങും. ദേശീയപാത ഉപരോധം ജില്ല പഞ്ചായത്തംഗം സി. ബാള്ഡ്വിന് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.വി. ആല്‍ഫ്രഡ് അധ്യക്ഷതവഹിച്ചു. സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍, വാര്‍ഡംഗം പി. ജഗന്നാഥന്, സി.പി.എം വെള്ളിമണ്‍ ലോക്കല്‍ സെക്രട്ടറി എക്സ്. ജോണ്സണ്, എല്‍. അനില്‍, ബി. ബൈജു എന്നിവര്‍ സംസാരിച്ചു.
കുണ്ടറ: സ്റ്റാർച്ച്മുക്ക്-കൈതാകോടി റോഡ് നവീകരണം ആരംഭിക്കാൻ നടപടികൾ തുടങ്ങിയതായി പി.സി. വിഷ്ണുനാഥ് എം.എൽ.എ. റോഡിന്റെ നിർമാണം വൈകുന്നതുമൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ച് വേഗം നിർമാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റീ ബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ കാലതാമാസം ഉണ്ടായപ്പോൾ സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതാണ്. വാട്ടർ അതോറിറ്റി ജലജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത് കാരണം ടാറിങ് നീട്ടിവെക്കേണ്ടിവന്നു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച ഭാഗങ്ങൾ പുനർനിർമിക്കേണ്ടത് വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്. അതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായാലുടൻതന്നെ റോഡ് നവീകരണവും ടാറിങ്ങും ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.