കുണ്ടറ: അമ്മയെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞ അധ്യാപികക്ക് മുന്നിൽ ഉടുത്തുവരാൻ അമ്മക്ക് ഒരു സാരി പോലുമില്ലാത്ത വീടിന്റെ നിസ്സഹായാവസ്ഥ പറഞ്ഞ മകൾ. അവൾക്കൊപ്പം വീടന്വേഷിച്ചെത്തിയ അധ്യാപിക കണ്ടത് വെള്ളച്ചാലിനൊടുവിൽ കതകില്ലാത്ത ഒറ്റമുറി വീട്.
മുട്ടൊപ്പം വെള്ളത്തിൽ ചവിട്ടി വീട്ടിൽ കയറിയപ്പോൾ അകത്ത് അഴയില്‍ തൂക്കിയിട്ടിരുന്ന തുണികളില്‍ സാരിയില്ലായിരുന്നു. അടുക്കളയില്‍ ചെറിയ മൂന്നു നാല് പാത്രങ്ങള്‍, കല്ലടുപ്പില്‍ അലൂമിനിയം ചരുവം...ഇതായിരുന്നു കൂലിപ്പണിക്കാരനായ പിതാവും സുഖമില്ലാത്ത അമ്മയും ഐ.ടി.ഐ വിദ്യാർഥിനിയായ മകളും അടങ്ങുന്ന കുടുംബത്തിന്റെ സമ്പാദ്യം.
ചന്ദനത്തോപ്പ് ബി.ടി.സിയിലെ അധ്യാപകര്‍ക്ക് പിന്നാലെ അവളുടെ കൂട്ടുകാരും വീടു കാണാന്‍ പോയി. സഹപാഠിയുടെ ജീവിതചിത്രം കണ്ട അവർ ഒത്തൊരുമിച്ച് അവൾക്കായി വീടെന്ന ലക്ഷ്യത്തിനിറങ്ങി. ധനസമാഹരണത്തിനും നിർമാണത്തിനും ഓരോ കമ്മിറ്റികള്‍ രൂപവത്കരിച്ചു. വണ്‍ ഡേ, വണ്‍ റുപ്പി, വണ്‍ ഷെല്‍ട്ടര്‍ എന്നിങ്ങനെ പദ്ധതികളുമായി നൂറോളം വിദ്യാർഥികള്‍ ഇറങ്ങിയതോടെ സഹപാഠിക്കായി വീട് ഒരുങ്ങുകയാണ്. വെള്ളക്കെട്ട് നികത്തൽ കഴിഞ്ഞു. ഇനി വീടും വീട്ടുസാമഗ്രികളും ശുചിമുറിയുമാണ് വേണ്ടത്.
അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചന്ദനത്തോപ്പ് ബി.ടി.സി വിദ്യാർഥികളും അധ്യാപകരും. അതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് അവർ. പ്രിന്‍സിപ്പൽ ടെന്നിസണ്‍ നെല്‍സണിന്റെ 9995879699 നമ്പറിൽ ഗൂഗിള്‍ പേ വഴി സഹായം നൽകുകയും സ്ക്രീൻ ഷോട്ട് അയക്കുകയും വേണമെന്ന അഭ്യർഥനയാണ് വിദ്യാർഥികൾക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.