കൊല്ലം: ജില്ലയിൽ നടന്ന ഭൂമി തരംമാറ്റൽ അദാലത്തിൽ മികച്ച പ്രതികരണം. സൗജന്യനിരക്കിൽ 25 സെന്റിന് താഴെ ഭൂമി തരംമാറ്റാൻ അപേക്ഷിച്ചവരിൽ സർക്കാർ നൽകിയ പട്ടികയിൽനിന്ന് കൊല്ലം, പുനലൂർ ഡിവിഷനിലെ ആർ.ടി.ഒ ഓഫിസിന് കീഴിലാണ് ഭൂമി തരംമാറ്റൽ അദാലത് നടന്നത്.
കൊല്ലം റവന്യൂ ഡിവിഷനിൽ 1800 അപേക്ഷകരുടെ പട്ടികയായിരുന്നു സർക്കാർ നൽകിയിരുന്നത്. അതിൽ 1400 അപേക്ഷകളും അദാലത്തിൽ തീർപ്പാക്കി. പുനലൂർ റവന്യൂ ഡിവിഷനിൽ 652 അപേക്ഷകരുടെ പട്ടികയാണ് എത്തിയത്. ഇതിൽ 202 അപേക്ഷകൾ ഓർഡർ നൽകി തീർപ്പാക്കി.
250ഓളം അപേക്ഷകൾ ഇനിയും തീർപ്പുകൽപ്പിക്കാനുണ്ട്. 150ൽ അധികം അപേക്ഷകൾ കൃത്യമായ രേഖകൾ ഹാജരാക്കാത്തതിനാലും അപേക്ഷകർ ഹാജരാകാഞ്ഞതിനാലും തിരിച്ചയച്ചു. 2023 ഡിസംബർ 31 വരെയുള്ള അപേക്ഷകളാണ് അദാലത്തിലെത്തിയത്.
ഭൂമിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ നിലവും പുരയിടവും (കരയും വയലും) എന്നിങ്ങനെ രണ്ടായി തിരിക്കാം. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നിലംഭൂമിയിൽ യാതൊരു നിർമാണപ്രവർത്തനങ്ങളോ പരിവർത്തന പ്രവർത്തനങ്ങളോ അനുവദിക്കുകയില്ല. േഡറ്റാബാങ്കിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമി പുരയിടം എന്ന് മാറ്റിക്കൊടുക്കുകയാണ് തരംമാറ്റൽകൊണ്ട് ഉദ്ദേശിക്കുന്നത്. േഡറ്റാബാങ്കിൽ നിലം എന്ന് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഉൾപ്പെട്ട ഭൂമി ഭാഗികമായോ പൂർണമായോ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരം ഭൂമി തരംമാറ്റാം.
അപേക്ഷ സമർപ്പിക്കേണ്ടത് അതത് ജില്ലയിലെ ഭൂമി ഉൾപ്പെട്ട റവന്യൂ ഡിവിഷനിലെ ആർ.ടി.ഒ മുമ്പാകെയാണ്. അപേക്ഷ ഓൺലൈനായാണ് നൽകുന്നത്. സ്ഥലത്തിന്റെ ആധാരം, നികുതി അടച്ച രസീത് (കരം അടച്ച രസീത്), പട്ടയത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി, ലാൻഡ് സകെച്ച്, ഭൂമിയുടെ ഉടമസ്ഥൻ നാല് അതിരുകളിൽ നിൽക്കുന്ന ഫോട്ടോ, േഡറ്റാ ബാങ്കിന്റെ പകർപ്പ്, അടങ്കൽ പകർപ്പ്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം.
ഒരു അംഗീകൃത സർവേയർ തരംമാറ്റാൻ പറ്റുന്ന ഭൂമിയാണെന്നതരത്തിൽ തയാറാക്കുന്ന സ്കെച്ചാണ് ലാൻഡ് സ്കെച്ച് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കവുങ്ങ്, തെങ്ങ് എന്നിവ കൃഷി ചെയ്തതിന്റെ ഫലമായി ഭൂമിയുടെ സ്വഭാവം മാറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താം. അതിനുശേഷവും േഡറ്റാബാങ്കിൽ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമിയാണ് തരംമാറ്റാൻ അവസരം നൽകുന്നത്. 25 സെന്റ് വരെയുള്ള ഭൂമി സൗജന്യമായാണ് തരംമാറ്റി നൽകുന്നത്. 25 സെന്റിന് മുകളിൽ മുതൽ ഒരു ഏക്കർവരെ ഫെയർ വാല്യുവിന്റെ 10 ശതമാനവും ഒരു ഏക്കറിന് മുകളിൽ 20 ശതമാനവും സർക്കാറിലേക്ക് അടക്കേണ്ടതാണ്.
2017ന് ശേഷം ഒരു ഏക്കറിൽനിന്ന് 25സെന്റ് ഒരാൾ ആധാരം ചെയ്ത് വാങ്ങുകയും തരംമാറ്റാൻ അപേക്ഷ നൽകുകയും ചെയ്താൽ സൗജന്യ നിരക്കിൽ ആ ഭൂമി തരംമാറ്റം ചെയ്യാൻ സാധിക്കില്ല. തരംമാറ്റ ഭൂമിയിൽ 3000 സ്ക്വയർഫീറ്റിന് മുകളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നെങ്കിൽ പിന്നീടുള്ള ഓരോ സ്ക്വയർഫീറ്റിനും സർക്കാർ നിശ്ചയിച്ച ഫീസും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.