കൊല്ലം: കൊല്ലം നഗരത്തിന്റെ രാത്രിസൗന്ദര്യം ആസ്വാദ്യകരമാക്കാനും തനത് വിഭവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും ഇടം ഒരുക്കുന്നതിനുമായി നഗരഹൃദയത്തില്‍ ‘നൈറ്റ് ലൈഫ്’ പദ്ധതി വരുന്നു. കോർപറേഷൻ ഓഫിസിന് സമീപം ക്യു.എ.സി റോഡ് കേന്ദ്രീകരിച്ചാണ് പദ്ധതി. മാനസികോല്ലാസത്തിനും ഒത്തുചേരലിനുമുള്ള ഇടം എന്നതിലുപരി കൊല്ലത്തിന്റെ തനതുരുചികള്‍ ലഭ്യമാക്കുന്ന ഫുഡ് സ്ട്രീറ്റും പദ്ധതിയില്‍ ഉൾപ്പെടുത്തും. പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള രൂപരേഖ തയാറാക്കുമെന്ന് കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
എം. നൗഷാദ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടി.കെ.എം എൻജിനീയറിങ് കോളജ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിനാണ് രൂപകല്പന ചുമതല. ജൈവവൈവിധ്യ സര്‍ക്യൂട്ടിന്റെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തും. ടൗണ്‍ ഹാള്‍, പീരങ്കി മൈതാനം, റെയില്‍വേ മേല്‍പാലം, കല്ലുമാല സ്ക്വയര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിങ്ങനെ പ്രാധാന്യമുള്ള ഒട്ടേറെ ഇടങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമെന്നത് കണക്കിലെടുത്ത് അവകൂടി ഉള്‍പ്പെടുത്തിയാവണം രൂപരേഖ വികസിപ്പിക്കേണ്ടതെന്ന് എം.എല്‍.എ പറഞ്ഞു.
നിലവിലുള്ള പ്രവൃത്തികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെയാവണം പദ്ധതിയെന്നും പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോര്പറേഷന്, ഫുഡ്സേഫ്റ്റി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ കോർപറേഷൻ ബജറ്റിൽ നൈറ്റ് സ്ട്രീറ്റ് പദ്ധതിക്ക് പണം വകയിരുത്തിയിരുന്നു. ചിന്നക്കട, ബീച്ച് റോഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ നൈറ്റ് സ്ട്രീറ്റ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി 50 ലക്ഷം രൂപയാണ് മാറ്റിവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.