കൊല്ലം: പല്ലുകൾ മുഴുവൻ നഷ്ടപ്പെട്ട വയോധികർക്ക് പാൽപ്പുഞ്ചിരി പൊഴിക്കാൻ വീണ്ടും അവസരമൊരുക്കുന്ന ‘മന്ദഹാസം’ ഇത്തവണയും ഹിറ്റാകുന്നു. നിർധനരായ വയോധികർക്ക് കൃത്രിമപ്പല്ല് വെക്കാൻ സഹായം നൽകുന്ന സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ പദ്ധതിയാണ് ‘മന്ദഹാസം’. 10,000 രൂപ വീതം പുത്തൻ പല്ല് വെക്കാൻ സഹായം ലഭിക്കുന്ന പദ്ധതി ഇത്തവണയും ഏറെ അപേക്ഷകരെയാണ് ആകർഷിക്കുന്നത്. ബി.പി.എൽ വിഭാഗത്തിൽപെട്ട 60 വയസ്സ് പിന്നിട്ട, പല്ലുകൾ മുഴുവൻ നഷ്ടപ്പെട്ടവർക്കാണ് സഹായം. കഴിഞ്ഞ സാമ്പത്തികവർഷം മുതലാണ് പദ്ധതിക്ക് 10000 രൂപ അനുവദിച്ചുതുടങ്ങിയത്. ജില്ലയിൽ മാത്രം 62 പേർ കഴിഞ്ഞവർഷം ഈ സഹായം ഏറ്റുവാങ്ങി പുതിയ പല്ല് വെച്ചുപിടിപ്പിച്ചു. ഈ സാമ്പത്തികവർഷം ഇതിനകം മുപ്പതോളം അപേക്ഷകർക്ക് ഇത്തരത്തിൽ സഹായം ലഭിച്ചുകഴിഞ്ഞു. നിരവധി അപേക്ഷകൾ അന്തിമ അനുമതി ഘട്ടത്തിലാണ്.
സുനീതി പോർട്ടൽ വഴി ഓൺലൈനായാണ് പദ്ധതിയിലേക്ക് ജില്ല സാമൂഹികനീതി വകുപ്പിന് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയകേന്ദ്രങ്ങൾ ഇതിന് ഉപയോഗപ്പെടുത്താം. ബി.പി.എൽ വിഭാഗം ആണെന്ന് തെളിയിക്കുന്ന റേഷൻ കാർഡ്, ആധാർ കാർഡ്, പല്ലുകൾ മുഴുവൻ നഷ്ടപ്പെട്ടയാൾക്ക് കൃത്രിമ പല്ല് പിടിപ്പിക്കാൻ ഉള്ള ശാരീരിക ക്ഷമതയുണ്ട് എന്ന് തെളിയിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാനമായും വേണ്ടത്. ജില്ല സാമൂഹികനീതി ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹമായവക്ക് ഉടൻ അനുമതി ലഭിക്കും.
അനുമതി ലഭിക്കുന്നവർക്കുള്ള ധനസഹായം നേരിട്ട് ആശുപത്രികൾക്കാണ് കൈമാറുന്നത്. ജില്ലയിൽ ജില്ല ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പല്ല് വെച്ചുനൽകുന്നത്. സഹായത്തിന് അർഹത നേടുന്നവരെ ജില്ല സാമൂഹികനീതി ഓഫിസിൽ നിന്നും ആശുപത്രിയിൽ നിന്നും വിവരം അറിയിക്കും. ആശുപത്രിയിൽ എത്തിയാൽ പരിശോധനകളും പല്ലിന്റെ അളവെടുപ്പും ഉൾപ്പെടെ പൂർത്തിയാക്കി ഒരു മാസത്തിനകം പുതിയ പല്ലിന്റെ സെറ്റ് സ്ഥാപിക്കും. തുടർന്നുള്ള പരിചരണത്തിനും ആശുപത്രിയിൽ സൗകര്യം ലഭ്യമാണ്.
മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സക്ക് ആളുകൾ സഹായം നൽകാൻ തയാറാകുമ്പോൾ കൃത്രിമ പല്ല് വെക്കാൻ ആഗ്രഹിക്കുന്ന നിർധനർക്ക് ഒരുവിധ സഹായവും ലഭിക്കാറില്ല.
അതിനാൽതന്നെ സാമ്പത്തികമില്ലാത്ത, പല്ലുകൾ നഷ്ടപ്പെട്ട വയോധികർക്ക് കൃത്രിമ പല്ല് വെക്കുന്നത് സ്വപ്നമായി അവശേഷിക്കുകയാണ് ചെയ്യുക. അത്തരത്തിലുള്ളവരുടെ സ്വപ്നപൂർത്തീകരണമാണ് സർക്കാറിന്റെ ‘മന്ദഹാസം’ പദ്ധതി ഉറപ്പുവരുത്തുന്നത്. കൂടുതൽ ആളുകൾ ഈ പദ്ധതിയുടെ സഹായം ഉപയോഗപ്പെടുത്തണമെന്നാണ് സാമൂഹികനീതി, ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.