കൊല്ലം: ഇടമുളയ്ക്കൽ സർവിസ് സഹകരണ ബാങ്കിൽ പ്രവാസിമലയാളി 2021ൽ നിക്ഷേപിച്ച 4,50,000 രൂപയിൽ ബാക്കി നൽകാനുള്ള 55,960 രൂപ ബാങ്ക് സെക്രട്ടറിയിൽനിന്ന് ഈടാക്കി നിക്ഷേപകന് നൽകാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സെക്രട്ടറി കമീഷൻ മുമ്പാകെ രേഖാമൂലം സമ്മതിച്ചശേഷം കമീഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന മട്ടിൽ പ്രവർത്തിച്ച സാഹചര്യത്തിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി സഹകരണ സംഘം രജിസ്ട്രാർക്ക് ഉത്തരവ് നൽകിയത്. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.
2022 മേയ് 31നായിരുന്നു ആയൂർ മഞ്ഞപ്പാറ മലപ്പേരൂർ ത്രിവേണിയിൽ ദിലീപ്കുമാറിന് നിക്ഷേപത്തുക മടക്കിനൽകേണ്ടിയിരുന്നത്. നിരവധി തവണ കമീഷൻ കേസ് പരിഗണിച്ചപ്പോഴും മടക്കി നൽകാമെന്ന് ബാങ്ക് സെക്രട്ടറി വാഗ്ദാനം നൽകി. 2023 ജൂൺ 20ന് നടന്ന സിറ്റിങ്ങിൽ ബാങ്കിന്റെ പ്രസിഡന്റും സെക്രട്ടറിയും ഹാജരായ ശേഷം നാല് ഗഡുക്കളായി തുക തിരികെ നൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകി. എന്നാൽ, ഫെബ്രുവരി മൂന്നിന് നടന്ന സിറ്റിങ്ങിൽ ബാങ്ക്അഭിഭാഷകൻ കേസിൽ ഇടപെടാൻ കമീഷന് അധികാരമില്ലെന്ന് വാദിച്ചു. 2021 ജൂൺ 13 മുതൽ 2024 ഫെബ്രുവരി മൂന്നുവരെ കമീഷൻ കേസ് പരിഗണിച്ചെങ്കിലും ഒരിക്കൽപോലും ഇത്തരത്തിൽ ബാങ്ക് സംശയം ഉന്നയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയിൽ നിന്ന് വ്യക്തിപരമായി തുക ഈടാക്കാൻ കമീഷൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.