ഓയൂർ: പേപ്പട്ടി അടക്കം 15 നായ്ക്കൾ വെളിയം വെസ്റ്റ് ഗവ.എൽ.പി സ്കൂൾ വളപ്പിൽ കടന്നുകയറിയതോടെ അധികൃതർ സ്കൂളിന് അവധി നൽകി. വ്യാഴാഴ്ച രാവിലെ 8.30 ഓടെ 15 തെരുവുനായ്ക്കൾ സ്കൂൾ മതിൽ ചാടിക്കയറുന്നത് പരിസരത്തെ രക്ഷിതാക്കൾ കാണുകയും വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു.
ഇതിനിടെ സ്കൂളിലെ പാചകതൊഴിലാളിയായ ഹരിജകുമാരിയെയും ശുചീകരണ തൊഴിലാളിയായ തങ്കച്ചിയെയും നായ്ക്കൾ കടിക്കാൻ ഓടിച്ചു. ഇവർ പുറത്തിറങ്ങിയപ്പോൾ പി.ടി.എ പ്രസിഡന്റും അധികൃതരും നാട്ടുകാരുമെത്തി സ്കൂളിനകത്തുണ്ടായിരുന്ന തെരുവുനായ്ക്കളെ ഓടിച്ചുവിട്ടു.
പേപ്പട്ടിയെന്ന് സംശയിക്കുന്ന നായ് ഓടാൻ സാധിക്കാതെ വായിൽ നിന്ന് നുരയും പതയും വരുന്ന നിലയിൽ സ്കൂളിൽ തന്നെ നിലയുറപ്പിച്ചു. നായ്ക്കളുടെ വായിൽ നിന്നുള്ള ഉമിനീര് സ്കൂൾ പരിസരത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. ഉടനെ നാട്ടുകാർ പേപ്പട്ടിയെന്ന് സംശയിക്കുന്ന നായെ തല്ലിക്കൊന്നു. ക്ലാസുകൾക്കുള്ളിലും മറ്റും നായ്ക്കൾ കയറിയതിനാൽ ശുചീകരണം നടത്താതെ ക്ലാസ് നടത്താൻ കഴിയില്ലെന്ന് വന്നതോടെയാണ് അവധി നൽകിയത്.
ബുധനാഴ്ച ഇവിടെ പരിസരത്തായി തെരുവുനായ് രണ്ടുപേരെ കടിച്ചിരുന്നു. നാലുവയസ്സുള്ള സാൻവിയ, 60 വയസ്സുകാരി എന്നിവർക്കാണ് കടിയേറ്റത്. ഇതിന് പിന്നാലെയാണ് വീണ്ടും തെരുവുനായ്ക്കൾ സ്കൂളിലും പരിസരത്തും എത്തിയത്. വിവരമറിഞ്ഞ് വെളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രഘുനാഥ് സ്ഥലത്തെത്തി. തെരുവുനായ്ക്കൾ കാരണം സ്കൂൾ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായതോടെയാണ് സ്കൂളിന് അവധി നൽകിയതെന്ന് പ്രഥമാധ്യാപിക സുനജമണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.