ഓയൂർ: അമിതഭാരം കയറ്റിവന്ന ടിപ്പർ ലോറിയിൽ നിന്ന് കൂറ്റൻ പാറ തെറിച്ച് റോഡിൽ വീണു. രണ്ട് ടണ്ണിലധികം ഭാരം വരുന്ന പാറയാണിത്. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാവിലെ ആറോടെ പൂയപ്പള്ളി ജങ്ഷനിലാണ് സംഭവം.
വെളിയം ഭാഗത്ത് നിന്നും പാറ കയറ്റിവന്ന ടിപ്പർ പൂയപ്പള്ളി ജങ്ഷനിൽ നിന്നും കൊല്ലം റോഡിലേക്ക് തിരിയുന്നതിനിടയിലാണ് പാറ തെറിച്ച് റോഡിൽ വീണത്. തൊട്ട് പിന്നാലെ വന്ന ബൈക്ക് യാത്രികർ വാഹനം വെട്ടിത്തിരിച്ചതിനാൽ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ലോറി നിർത്താതെ പോയെങ്കിലും ഒരു കിലോമീറ്റർ അകലെ വാഹന പരിശോധന നടത്തുകയായിരുന്ന പൂയപ്പള്ളി പൊലീസ് ടാർപ്പോളിനിട്ട് മൂടാതെ അമിതഭാരം കയറ്റി വന്നതിന് ഇതേ ടിപ്പർ കസ്റ്റഡിയിലെടുത്തു.
വിവരമറിഞ്ഞെത്തിയ ക്വാറി ഉടമകൾ മറ്റൊരു വാഹനത്തിലെത്തി പാറ റോഡിൽ നിന്ന് നീക്കി.അഞ്ച് ആളുകൾ ചേർന്നാണ് വാഹനത്തിൽ കയറ്റിക്കൊണ്ട് പോയത്. വെളിപ്പിന് അഞ്ച് മുതൽ ഒമ്പത് വരെ യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ അമിതഭാരം കയറ്റി വെളിയം മലയിൽ, പരുത്തിയറ, പൂയപ്പള്ളി ഓട്ടുമല ക്വാറികളിൽ നിന്ന് നൂറുകണക്കിന് ലോറികളാണ് പൂയപ്പള്ളി വഴി കൊല്ലം, കണ്ണനല്ലൂർ, കൊട്ടിയം ഭാഗങ്ങളിലുള്ള ക്രഷറുകളിലേക്ക് പാറ കയറ്റിക്കൊണ്ട് പോകുന്നത്.
റോഡിൽ പല സ്ഥലങ്ങളിലും ഇതുപോലെ ലോറികളിൽ നിന്ന് പാറ തെറിച്ചുവീഴുന്നത് നിത്യസംഭവമാണെന്നും പൊലീസ് പരിശോധന ശക്തമാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പുനലൂർ: തമിഴ്നാട്ടിൽ നിന്ന് അമിതമായി പാറയുൽപന്നങ്ങൾ കയറ്റി വന്ന ടിപ്പറുകളിൽ നിന്ന് മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെൻറ് സ്ക്വാഡ് 1,20,000 രൂപ പിഴയീടാക്കി. ചൊവ്വാഴ്ച ആര്യങ്കാവിൽ ഡി.വൈ.എഫ്.ഐക്കാർ തടഞ്ഞിട്ട ടിപ്പറുകൾ മോട്ടോർ വെഹിക്കിൾ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡിലെ എം.വി.ഐ എം.എസ്. അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ആര്യങ്കാവിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു. പത്ത് ടിപ്പറുകൾ കസ്റ്റഡിയിലെടുത്ത് തൂക്കമെടുത്തപ്പോൾ അഞ്ച് ടിപ്പറുകളിൽ അമിതഭാരം കണ്ടെത്തി.
പത്ത് മുതൽ 15 ടൺ വരെ അമിത ഭാരമാണ് കയറ്റിയിരുന്നത്. തുടർന്ന് പിഴയീടാക്കി ടിപ്പറുകൾ വിട്ടയച്ചു. അമിത ഭാരം കയറ്റിയാൽ 10,000 രൂപയാണ് കുറഞ്ഞ പിഴ. അധികമുള്ള ഒരോ ടണ്ണിനും 1500 രൂപ വീതം ഇൗടാക്കും. ടിപ്പറുകളുടെ അമിത ഭാരം അടക്കം വിവിധ തരത്തിലുള്ള നിയമലംഘനം കണ്ടെത്താൻ എൻഫോഴ്സ്മെൻറ് ആർ.ടി.ഒ അൻസാരിയുടെ നിർദേശാനുസരണം ജില്ലയിൽ ഏഴ് സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു. തമിഴ്നാട്ടിൽ നിന്ന് പാറയുൽപന്നങ്ങൾ അമിതമായി കയറ്റിവരുന്ന കിഴക്കൻമേഖലയിൽ സ്ക്വാഡ് പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച അമ്പതിലധികം ടിപ്പറുകൾ തടഞ്ഞിരുന്നു.
അമിത അളവിൽ പാറയും മെറ്റലും കയറ്റിവരുന്ന ടിപ്പറുകൾ പാതയുടെ തകർച്ചക്കും അപകടങ്ങൾക്കും ഇടയാക്കുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തുന്ന സമരം അറിഞ്ഞ് ഭൂരിഭാഗം വാഹനങ്ങളും അതിർത്തിക്ക് അപ്പുറത്ത് കൊണ്ടുപോയി നിർത്തിയിട്ടതിനാൽ സ്ക്വാഡിന് ഈ ടിപ്പറുകൾ പിടികൂടാനായില്ല. കഴിഞ്ഞദിവസം ടിപ്പറുകൾ ആര്യങ്കാവിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിട്ടു. ഇതിനെചൊല്ലി സമരക്കാരും ഡ്രൈവർമാരും തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷാവസ്ഥയും ഉണ്ടായി. ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റിലെ തൂക്കം പരിശോധിക്കുന്ന സംവിധാനം തകരാറിലാണ്. ഇതുകാരണം അമിത ഭാരം കയറ്റിയ വാഹനങ്ങൾ കണ്ടെത്താൻ അധികൃതർ ബുദ്ധിമുട്ടുന്നു. സംശയമുള്ള വാഹനങ്ങൾ പിടികൂടിയാൽ 20 കിലോമീറ്റർ അകലെ പുനലൂരിൽ എത്തിച്ചുവേണം തൂക്കം പരിശോധിക്കാൻ.
ചടയമംഗലം: ടിപ്പറുകളുടെ പാച്ചിലിൽ വീണ്ടും അപകടം. ചടയമംഗലം-ചിങ്ങേലി റോഡിൽ കൊച്ചാലുംമൂടിന് സമീപത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. നിറയെ യാത്രക്കാരുമായി ചടയമംഗലത്തുനിന്ന് കടയ്ക്കലിലേക്ക് വന്ന സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ ടിപ്പർ ലോറി ബസിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് ടിപ്പർ നിർത്താതെ പോയി. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
സ്കൂൾ സമയത്ത് ടിപ്പറുകൾ ഓടുന്നതിന് നിയന്ത്രണമുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ. അടുത്തിടെയാണ് ചടയമംഗലം ജമാഅത്ത് പള്ളിയുടെ മതിലിലേക്ക് ടിപ്പർ ഇടിച്ച് കയറിയത്. ടിപ്പറുകൾ പതിവായി അപകടം വരുത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.