ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ പെരുവന്തോട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് സ്വന്തം സ്ഥലത്ത് കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാവുന്നു. നിലവിൽ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. സ്വന്തമായി സ്ഥലം ഇല്ലാത്തതായിരുന്നു വികസനത്തിന് തടസ്സമായിനിന്നത്. 2500 ചതുരശ്ര അടിയോളം വിശാലവും നൂതനവുമായ ബഹുനില മന്ദിരവും അനുബന്ധ സൗകര്യങ്ങളുമാണ് ഇവിടെ തയാറാവുന്നത്.
കെട്ടിട നിർമാണത്തിന് സ്ഥലം വാങ്ങാൻ മോട്ടോർകുന്ന് വാർഡ് മെംബർ എസ്.എം. സമീനയുടെ നേതൃത്വത്തിൽ 4.5 ലക്ഷം രൂപ ജനങ്ങളിൽനിന്ന് ശേഖരിച്ച് ഏഴ് സെന്റ് സ്ഥലം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വാങ്ങിനൽകിയിരുന്നു. തുടർന്ന് 55.5 ലക്ഷം രൂപ കേന്ദ്ര ധനകാര്യ കമീഷന്റെ ഹെൽത്ത് ഗ്രാൻഡ് ബഹുവർഷ പ്രോജക്ടായി ഗ്രാമപഞ്ചായത്തുകളിലെ ഫാമിലി വെൽെഫയർ സെന്ററുകൾക്ക് പുതിയ കെട്ടിട നിർമാണത്തിനായി അനുവദിച്ചു.
ആദ്യഘട്ടം 27.75 ലക്ഷം രൂപയും തുടർവർഷം ബാക്കി തുകയും എന്ന രീതിയിലാണ് ഗ്രാൻറ് അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ടെൻഡർ നടപടി പൂർത്തീകരിച്ച കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഏഴിന് വൈകീട്ട് നാലിന് വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ നിർവഹിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. റീന അധ്യക്ഷത വഹിക്കും. മോട്ടോർകുന്ന്, ആക്കൽ, ചെറിയവെളിനല്ലൂർ എന്നീ വാർഡുകളിലാണ് പെരുവന്തോട് ഫാമിലി വെൽെഫയർ സെന്ററിന്റെ പ്രവർത്തനമേഖല. ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ ഏഴ് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.